പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിക്കും മകന്‍ സഞ്ജയ് ഗാന്ധിക്കും എതിരെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും മരിച്ചത് ഗോഹത്യയുടെ ശാപം മൂലമെന്നാണ് ഹെഗ്‌ഡെ ആരോപിച്ചത്.
ഗോപാഷ്ടമി ദിനത്തിലാണ് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചത്. ഗോവധ നിരോധനത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനിടെ സന്യാസി കര്‍പത്രി മഹാരാജിന്റെ ശാപം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അനന്ത്കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു.
ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഗോവധ നിരോധനത്തിനെതിരെ വലിയ പ്രക്ഷോഭം നടന്നിരുന്നു. ഈ പ്രക്ഷോഭത്തില്‍ ഡസന്‍ കണക്കിന് സന്യാസിമാര്‍ മരിക്കുകയും നിരവധി സന്യാസിമാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇന്ദിരയുടെ സാന്നിധ്യത്തില്‍ പശുക്കളെ അറുക്കുകയും ചെയ്തു നൂറുകണക്കിന് പശുക്കളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
ഗോപാഷ്ടമി നാളില്‍ തന്നെ നിന്റെ കുലവും നശിക്കുമെന്ന് സന്യാസി കര്‍പത്രി മഹാരാജ് ഇന്ദിരയെ ശപിച്ചു. ഇന്ദിര ഗോപാഷ്ടമി ദിനത്തില്‍ വെടിയേറ്റും സഞ്ജയ് ഗോപാഷ്ടമി നാളില്‍ വിമാനാപകടത്തിലും മരിച്ചു.’ ഹെഗ്‌ഡെ പറഞ്ഞു.
അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. ഹെഗ്‌ഡെ ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ അനന്ത് കുമാറില്‍ നിന്ന് മികച്ച സംസ്‌കാരം പ്രതീക്ഷിക്കാനാകുമോ? സിദ്ധരാമയ്യ പ്രതികരിച്ചു.