ന്യൂഡല്‍ഹി: ഗോവക്ക് പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ ദുരന്തം ഒഴിവായി. റണ്‍വേയില്‍ ഇന്‍ഡിഗോയുടെയും സ്‌പൈസ് ജെറ്റിന്റെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് പരിഭ്രാന്തി പരത്തിയത്. തലനാരിഴക്കാണ് ദുരന്തം ഒഴിവായത്. ലക്‌നോവില്‍ നിന്ന് എത്തിയതായിരുന്നു ഇന്‍ഡിഗോ വിമാനം. സ്‌പൈസ് ജെറ്റ് ടേക്ക് ഓഫിന് തയ്യാറെടുക്കുകയുമായിരുന്നു. ഇരു വിമാനങ്ങളും റണ്‍വേയിലൂടെ നേര്‍ക്ക് നേര്‍ നീങ്ങുകയായിരുന്നു.
സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് ദുരന്തം ഒഴിവായത്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്നുള്ള ആശയവിനിമയ പിഴവാണ് പിന്നിലെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ആവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ അപകടമാണിത്. ഗോവയില്‍ ജെറ്റ് എയര്‍വേയ്‌സ് റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയതാണ് പരിഭ്രാന്തി പരത്തിയത്.
154 യാത്രക്കാരും ഏഴ് ജോലിക്കാരുമായി പറന്നുയരുന്നതിനിടെയാണ് ജെറ്റ്എയര്‍വേഴ്സ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ഇന്ന് രാവിലെ ഗോവയിലെ ദാബോലിം എയര്‍പോര്‍ട്ടിലാണ് അപകടം നടന്നത്.