ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു. എട്ടു ശതമാനമാണ് ശമ്പള വര്‍ധന. ഓവര്‍ടൈം അലവന്‍സ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. 2020ല്‍ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ ഏപ്രിലില്‍ എട്ടു ശതമാനം വര്‍ധിപ്പിച്ചു.
കോവിഡിന് മുമ്പുള്ള ശമ്പളം പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇപ്പോള്‍ എട്ടു ശതമാനം വര്‍ധനവ് വരുത്തിയത്. ഇതോടെ മൊത്തം 16 ശതമാനം വര്‍ധനവായി. ജൂലൈ 31 മുതല്‍ പൈലറ്റുമാര്‍ക്കുള്ള ലേഓവര്‍, ഡെഡ്‌ഹെഡ് അലവന്‍സുകളും പുനഃസ്ഥാപിച്ചിട്ടുണ്ട്.