ഇന്‍ഡോര്‍: ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്‍ നിന്ന് പിറന്നപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയിലാണ്. കോഹ്ലിയും(103) ഉപനായകന്‍ അജിങ്ക്യ രഹാനെ(79)യുമാണ് ക്രീസില്‍. 184 പന്തില്‍ നിന്നാണ് കോഹ്ലി സെഞ്ച്വറി കുറിച്ചത്. പത്ത് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. ടെസ്റ്റില്‍ കോഹ്‌ലിയുടെ പതിമൂന്നാം സെഞ്ച്വറിയാണിത്. 100ന് മൂന്ന് എന്ന നിലയില്‍ നിന്നാണ് കോഹ്ലി-രഹാനെ സഖ്യം ടീമിനെ കരകയറ്റിയത്. മികച്ച പിന്തുണയാണ് രാഹനെ നല്‍കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം നല്ലതല്ലായിരുന്നു. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ടീമിലെത്തിയ ഗംഭീറുമൊത്ത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത മുരളിക്ക് (10)നാലാം ഓവറില്‍ തന്നെ മടങ്ങേണ്ടിവന്നു. ജിതന്‍ പട്ടേലിന്റെ പന്തില്‍ സില്ലിപോയിന്റില്‍ ലതാമിന് ക്യാച്ച് നല്‍കി മുരളി മടങ്ങി. എന്നാല്‍ ഗംഭീര്‍ മികവോടെ ബാറ്റിങ് തുടര്‍ന്നെങ്കിലും അല്‍പായുസെ ഉണ്ടായിരുന്നുള്ളൂ. 29 റണ്‍സെടുത്ത ഗംഭീറിനെ ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുരുക്കി. പൂജാര-കോഹ്ലി സഖ്യം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചെങ്കിലും സാന്റനര്‍ പുജാരയെ(41) മടക്കി ടീമന് ആശ്വാസം നല്‍കി. ഇവിടെ നിന്ന് ഇന്ത്യ തുടങ്ങുകയായിരുന്നു. രഹാനെയും കോഹ്ലിയും പിച്ച് മനസ്സിലാക്കി ബാറ്റ് വീശിയതോടെ കിവികള്‍ വിയര്‍ത്തു. ഇരുവരും ചേര്‍ന്ന് 167 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ ദിനം കെട്ടിപ്പൊക്കിയത്.