ബാരബങ്കി (യു.പി): ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി യു.പി ബി.ജെ.പി നേതാവ് രഞ്ജീത് കുമാര്‍ ശ്രീവാസ്തവ.
ബാരബങ്കി ജില്ലയില്‍ ഭാര്യ ശശി ശ്രീവാസ്തവയ്ക്കായി വോട്ടു ചോദിക്കവെയാണ് ഇദ്ദേഹത്തിന്റെ ഭീഷണി. യു.പി മന്ത്രിമാരായ ദാരാ സിങ് ചൗഹാന്‍, രാംപതി ശാസ്ത്രി എന്നിവര്‍ വേദിയില്‍ ഇരിക്കുമ്പോഴായിരുന്നു ശ്രീവാസ്തവയുടെ പ്രകോപന പ്രസംഗം.
നവംബര്‍ 13നായിരുന്നു പരിപാടി. ‘ഇതൊരു സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറല്ല. നിങ്ങളുടെ ജോലി ചെയ്തു കിട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റിനെയോ പൊലീസ് സൂപ്രണ്ടിനെയോ സമീപിക്കാനാകില്ല. ഒരു നേതാവും നിങ്ങളെ സഹായിക്കില്ല. റോഡ്, അഴുക്കുചാല്‍, വൈദ്യുതി എന്നിവയെല്ലാം മുനിസിപ്പല്‍ ബോര്‍ഡിന്റെ ജോലിയാണ്. ഇന്ന് നിങ്ങള്‍ക്ക് വേണ്ടി ബി.ജെ.പിയില്‍ വാദിക്കാന്‍ ആളില്ല. രഞ്ജീത് സാഹബിന്റെ ഭാര്യയ്ക്ക് വോട്ടു ചെയ്ത് വിജയിപ്പിച്ചില്ലെങ്കില്‍ സ്വയം അകന്നു കൊള്ളൂ. സമാജ്‌വാദി പാര്‍ട്ടി നിങ്ങളുടെ രക്ഷയ്‌ക്കെത്തില്ല. ഇത് ബി.ജെ.പിയുടെ ഭരണമാണ്. നേരത്തെ അനുഭവിക്കാത്ത തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും’ – അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വോട്ടു ചെയ്യാനായി യാചിക്കില്ലെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാത്രം വോട്ടു ചെയ്യുന്നതാകും സന്തോഷമെന്നും മുന്നറിയിപ്പ് സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
‘മര്യാദക്ക് എന്റെ ഭാര്യക്ക് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രത്യാഘാതം നേരിടേണ്ടി വരും” – എന്നായിരുന്നു കാമ്പയിനിടെ ശ്രീവാസ്തവയുടെ വാക്കുകള്‍. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീവാസ്തവയുടെ വെല്ലുവിളി.
”സംസ്ഥാനം ഭരിക്കുന്നത് സമാജ്വാദി പാര്‍ട്ടി സര്‍ക്കാരല്ല. ഇവിടെ നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ ഒരു നേതാവും വരില്ല. റോഡും അഴുക്കുചാലുകളുമെല്ലാം നിര്‍മിക്കാന്‍ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങള്‍ തന്നെ വേണം. വിവേചനമില്ലാതെ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണം. എന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍, പിന്നെ പ്രശ്നങ്ങളുണ്ടാകും.
‘അതു കൊണ്ടു തന്നെ മുസ്്‌ലിംകളോട് ഞാന്‍ പറയുന്നു. ഞങ്ങള്‍ക്ക് വോട്ടു ചെയ്യണം. യാചിക്കുകയല്ല. വോട്ടു ചെയ്താല്‍ സമാധാനപരമായി ജീവിക്കാം. അല്ലെങ്കില്‍ എന്ത് ബുദ്ധിമുട്ടാണ് നിങ്ങള്‍ക്കുണ്ടാകുകയെന്ന് നിങ്ങള്‍ അറിയും’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.