ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു ബ്ലാക്ക് ബോക്സാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വോട്ടിങ് മെഷിനുകളെ വിലയിരുത്താനോ പരിശോധിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം കപടമായും വഞ്ചനയ്ക്ക് ഇരയായും അവസാനിക്കുമെന്നും രാഹുല്‍ പറഞ്ഞു.
‘സണ്‍ഡേ മിഡ് ഡേ’ എന്ന പത്രത്തിലെ ഇ.വി.എമ്മുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. മഹാരാഷ്ടയിലെ ലോക്‌സഭാ മണ്ഡലമായ പടിഞ്ഞാറന്‍ മുംബൈയില്‍ 48 വോട്ടുകള്‍ക്ക് വിജയിച്ച ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രവീന്ദ്ര വൈക്കറുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.
വൈക്കറിന്റെ ബന്ധുവായ മങ്കേഷ് വസന്ത് പോളിങ് സ്റ്റേഷനില്‍ മൊബൈലുമായി എത്തിയെന്നായിരുന്നു ആരോപണം. പിന്നീട് ഈ ഫോണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമലത നിര്‍വഹിച്ചിരുന്ന ദിനേശ് ഗുരുവിന് കൈമാറിയെന്നും പറയുന്നു. നിലവില്‍ മങ്കേഷ് വസന്തിനെതിരെയും ദിനേശിനെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ശിവസേന നേതാവിന്റെ ബന്ധു പോളിങ് സ്ഥാനിലേക്ക് കൊണ്ടുവന്ന മൊബൈല്‍ ഉപയോഗിച്ച് എന്‍.ഡി.എ സഖ്യം ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്തുവെന്നാണ് ആരോപണം.
നിലവില്‍ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ഒ.ടി.പി ലഭിച്ച ഫോണ്‍ പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നുവോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വോട്ടിങ് മെഷിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമര്‍ശനം ഉന്നയിച്ചത്.