ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് സോണിയാ ഗാന്ധി നടത്തിയ ശ്രമത്തിന് വന്‍ സ്വീകാര്യത. ഇന്ത്യയിലെ പ്രധാന മതേതര കക്ഷികള്‍ പങ്കെടുത്ത യോഗം ബി.ജെ.പിക്കെതിരായ മതേതര മഹാ സഖ്യത്തിന് നാന്ദികുറിക്കുമെന്ന സന്ദേശം നല്‍കി. കോണ്‍ഗ്രസ് പ്രതിനിധികളെ കൂടാതെ എസ്.പി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, എന്‍.സി.പി, സി.പി.എം, മുസ്‌ലിംലീഗ്, ആര്‍.എസ്.പി, ഡി.എം.കെ, നാഷണല്‍ കോണ്‍ഫറന്‍സ്, സി.പി.ഐ, കേരള കോണ്‍ഗ്രസ്(എം) തുടങ്ങിയ പാര്‍ട്ടികളാണ് സോണിയാ ഗാന്ധി പാര്‍ലമെന്ററി ഹൗസ് ലൈബ്രറിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംബന്ധിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായിരുന്നു യോഗമെങ്കിലും ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. നോട്ടു നിരോധനം, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, കര്‍ഷക ആത്മഹത്യകള്‍, ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും, സാമ്പത്തിക രംഗത്തെ തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ വിവിധ നേതാക്കള്‍ ഉന്നയിച്ചു.
മതേതര കക്ഷികളുടെ ഐക്യമാണ് ഏറ്റവും പ്രധാനമെന്ന് മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസാരിച്ച ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര പാര്‍ട്ടികള്‍ യോജിപ്പോടെ മുന്നേറുകയാണെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ പരാജയമുണ്ടാകും. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മതനിരപേക്ഷതയാണ് വിജയിച്ചത്. രാജ്യത്ത് വിശാല മതേതര സഖ്യം രൂപപ്പെടുത്തുന്നതിന് ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.