X

ഇന്ത്യയുടെ ഭൂമി ചൈന കയ്യേറി; പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി

ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചേ പറ്റുകയുള്ളൂവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ഒരിഞ്ച് ഭൂമിയും നഷ്ടമായിട്ടില്ലെന്ന മോദിയുടെ വാദം നുണയാണെന്നും രാഹുല്‍ പറഞ്ഞു. ലഡാക്കില്‍ താന്‍ നേരിട്ട് കണ്ട് മനസിലാക്കിയതാണെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറ!ഞ്ഞു. ചൈനയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.

ഇന്ത്യയുടെ അവിഭാജ്യഘടകമായ അരുണാചല്‍പ്രദേശും 1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ പിടിച്ചെടുത്ത അക്‌സായ് ചിന്നും തങ്ങളുടേതെന്നാണ് ബെയ്ജിങിന്റെ അവകാശവാദം. ദക്ഷിണ ടിബറ്റായാണ് അരുണാചലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയില്‍ നടന്ന സര്‍വേയിങ് ആന്‍ഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയുടെയും ദേശീയ മാപ്പിങ് ബോധവല്‍ക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയില്‍ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായി ചൈന ഡെയ്‌ലി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, മാപ്പ് പ്രസിദ്ധീകരിച്ചതില്‍ നയതന്ത്രതലത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധമറിയിച്ചു. അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങളെ പൂര്‍ണമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്തം ബാക്ചി പറഞ്ഞു. ചൈനീസ് നീക്കം വീണ്ടും ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തെ സങ്കീര്‍ണമാക്കുമെന്ന് ഉറപ്പായി. ജി 20 ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് ചൈനയുടെ വന്‍പ്രകോപനം.

webdesk13: