വെള്ളിയാഴ്ച പുറത്തുവന്ന ആഗോള വിശപ്പ് സൂചികയിലെ വിവരങ്ങള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സ്ഥാനം സൂചികയില്‍ 107 ആണ്. 121 രാജ്യങ്ങളുടെ കണക്കിലാണ് ഇന്ത്യക്ക് 107 ാം സ്ഥാനമെന്നോര്‍ക്കണം. അഫ്ഗാനിസ്ഥാന്‍ ഒഴികെയുള്ള ദക്ഷിണേഷ്യയിലെ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ കുറവാണ്. വാസ്തവത്തില്‍ ശ്രീലങ്ക (64), നേപ്പാള്‍ (81), ബംഗ്ലാദേശ് (84) എന്നിവ ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അവസ്ഥയാണ്. ഇന്ത്യയേക്കാള്‍ വളരെ ദരിദ്ര രാജ്യമായ പാകിസ്താന്‍ പോലും 99ാം സ്ഥാനത്തെത്തി.
ഒരു രാജ്യത്തെ പോഷകാഹാരത്തിന്റെ അവസ്ഥ കണ്ടെത്തുന്നതിന് നാല് ഡാറ്റ പോയിന്റുകള്‍ ഉപയോഗിച്ചാണ് ആഗോള വിശപ്പ് സൂചിക സ്‌കോര്‍ കണക്കാക്കുന്നത്. പോഷകാഹാരക്കുറവിന്റെ വ്യാപനം (ആവശ്യമായ കലോറി ഉപഭോഗം ചെയ്യാത്ത അവസ്ഥ), കുട്ടികളുടെ അനാരോഗ്യം (വളര്‍ച്ചക്കനുസരിച്ച് ഭാരമില്ലാത്ത അവസ്ഥ), കുട്ടികളുടെ വളര്‍ച്ചാമുരടിപ്പ് (പ്രായത്തിനനുസരിച്ച് വളര്‍ച്ച കുറവ്), ശിശുമരണനിരക്ക് (അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്) എന്നിവയാണവ. ഇന്ത്യന്‍ ശിശുക്കളും പിഞ്ചുകുട്ടികളും ഭയാനകമാംവിധം പോഷകാഹാരക്കുറവുള്ളവരാണെന്ന വസ്തുതയിലേക്കാണ് സൂചിക വിരല്‍ചൂണ്ടുന്നത്.
രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള ഡാറ്റയേക്കാള്‍ മോശമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ നിരക്ക്. പോഷകാഹാര കുറവില്‍ 19.3 ശതമാനവുമായി ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 2013-2015 കാലഘട്ടത്തേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അടുത്തകാലത്ത് പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയില്‍ 15 കോടി ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. മതിയായ ഭക്ഷണം ലഭ്യമല്ലാത്ത അവസ്ഥയും പോഷകാഹാരകുറവും രാജ്യത്ത് വന്‍ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് 55 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം എല്ലാ മേഖലയിലുമെന്നപോലെ ഇതിലും പിറകോട്ടുപോയി.
ജനങ്ങളുടെ ഭക്ഷണവും ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറുകളുടെ ബാധ്യതയാണ്. വരുംവരായ്കകള്‍ മനസ്സിലാക്കാതെ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനങ്ങള്‍ പലപ്പോഴും ഇത്തരം പ്രതിസന്ധിക്ക് ആക്കം കൂട്ടാറുണ്ട്. നോട്ട് നിരോധനവും ഗൃഹപാഠമില്ലാത്ത ജി.എസ്.ടി നടപ്പാക്കലും ഇതിന് ഉദാഹരണമാണ്. സമീപകാല പകര്‍ച്ചവ്യാധി കടുത്ത പോഷകാഹാര പ്രതിസന്ധിയിലേക്ക് നയിച്ച ഘടകമാണ്. കോവിഡ് 19കാലത്ത് കര്‍ക്കശമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് തൊഴിലിനെയും ആരോഗ്യ സംവിധാനങ്ങളെയും സാരമായി ബാധിച്ചു. ഇന്ത്യയിലെ പോഷകാഹാരക്കുറവ് ലിംഗ, ജാതിഭേദം പോലുള്ള അടിസ്ഥാന സാമൂഹിക ഘടകങ്ങളുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഇന്ത്യയിലെ കുട്ടികള്‍ ഭാരക്കുറവുള്ളതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവുള്ള അമ്മമാരില്‍ ജനിച്ചവരാണ് എന്നതാണ്. മറ്റൊരു ഘടകം ജാതി പോലുള്ള സ്വത്വമാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യ സേവനങ്ങള്‍ എന്നിങ്ങനെയുള്ള അനുബന്ധ ഘടകങ്ങള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെടുന്നു. റേഷന്‍ കിട്ടാതെ നിരവധി സംസ്ഥാനങ്ങളില്‍ പട്ടിണി മരണം നടന്ന രാജ്യമാണിന്ത്യ. നിരക്ഷരരും ദരിദ്രരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാകുന്നില്ല. ആഴത്തിലുള്ള സാംസ്‌കാരിക ഘടകങ്ങളാണിതെല്ലാം.
റിപ്പോര്‍ട്ടിന്റെ ശാസ്ത്രീയത ചോദ്യം ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറ്റപ്പെടുത്തുന്നതിനുപകരം യാഥാര്‍ഥ്യത്തിലേക്ക് കണ്ണോടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കാനുള്ള എളുപ്പ മാര്‍ഗം കണ്ടെത്തുകയാണ് അതിന് ആദ്യം വേണ്ടത്. പദ്ധതികള്‍ സുതാര്യമായി ജനങ്ങളിലേക്കെത്തുക തന്നെ വേണം. ആധാര്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ മൂന്നു കോടി റേഷന്‍ കാര്‍ഡുകളാണ് രാജ്യത്ത് റദ്ദു ചെയ്തത്. ജനങ്ങളുടെ അറിവില്ലായ്മയെ അവസരമാക്കുകയാണ് അധികാരികള്‍. ഗുജറാത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലോ അല്ലെങ്കില്‍ 2024 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ പോലും പോഷകാഹാരക്കുറവ് പ്രധാന ഘടകമാകുമെന്ന് ആരും ഗൗരവമായി വിശ്വസിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സംസ്ഥാന തലത്തിലോ കേന്ദ്രത്തിലോ ഭരിക്കുന്ന പാര്‍ട്ടി മാറുന്നത് അവരുടെ പോഷകാഹാര നിലവാരത്തില്‍ പരിമിതമായ സ്വാധീനം ചെലുത്തുമെന്നും അതുവഴി സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പ്രായോഗിക നേട്ടങ്ങള്‍ക്കായി വിലപേശാന്‍ വോട്ട് ഉപയോഗിക്കാന്‍ കഴിയുമെന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നതുവരേ ഇതിങ്ങനെയൊക്കെ തുടരും. കുട്ടികളും സ്ത്രീകളും പോഷകാഹാരം ലഭിക്കാതെ മരിച്ചുവീഴുന്ന രാജ്യം ആഗോള ശക്തിയില്‍ മുന്നിലാണെന്ന വീമ്പിളക്കലില്‍ എന്തു കാര്യമാണുള്ളത്.