തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വ്യക്തി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശിക്കാണ് രോഗം പൂര്‍ണമായും ഭേദമായത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആദ്യ കേസ് ആയതിനാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍ഐവി)യുടെ നിര്‍ദേശമനുസരിച്ച് 72 മണിക്കൂര്‍ ഇടവിട്ട് രണ്ടു തവണ പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായതായും അദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
രോഗബാധിതനായ വ്യക്തി നിലവില്‍ മാനസികമായും ശാരീരികമായും പൂര്‍ണമായും ആരോഗ്യവാനാണെന്നും ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായും ഭേദമായതായും മന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവായി.
കുരങ്ങുവസൂരി സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റു രണ്ടു രോഗികളുടെ ആരോഗ്യസ്ഥിതിയും തൃപ്തികരമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 12ന് യു.എ.ഇയില്‍ നിന്നെത്തിയ യുവാവിന് 14-ാം തിയതിയാണ് രോഗം സ്ഥിരീകരിച്ചത്.