ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിങ് (പലിശ രഹിത) സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയാണ് ആര്‍ ബി ഐ ഇക്കാര്യം അറിയിച്ചത്. ബാങ്കിങ്ങിനും വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്ന് ആര്‍ ബി ഐ പറഞ്ഞു.
2008ല്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പലിശ രഹിത ബാങ്കിങ് ഇടപാട് ലക്ഷ്യമിട്ടുള്ള ഇസ്ലാമിക് ബാങ്കിങ് എന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. മതപരമായ വിശ്വാസപ്രകാരം ബാങ്കിങ് പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ ബാങ്കിങ് മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ഇതിനായി ബാങ്കുകളില്‍ ഇസ്ലാമിക് വിന്‍ഡോ ആരംഭിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാമിക്ക് ബാങ്കിങ് രാജ്യത്ത് നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട നിയമ, സാങ്കേതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ ആര്‍.ബി.ഐ ഇന്റര്‍ ഡിപ്പാര്‍ട്മെന്റല്‍ ഗ്രൂപ്പിന് രൂപം നല്‍കിയിരുന്നു. ഇന്ത്യന്‍ബാങ്കുകള്‍ക്ക് ഇസ്ലാമിക് ബാങ്കിങ് മേഖലയില്‍ മുന്‍പരിചയമില്ലാത്തതിനാല്‍ പടിപടിയായി പദ്ധതി നടപ്പിലാക്കിയാല്‍ മതിയെന്നായിരുന്നു ഈ സമിതിയും നിര്‍ദേശിച്ചത്.
പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് അഥവാ ശരിയ ബാങ്കിങ്. ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കല്‍ അനുവദനീയമല്ല. ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കുന്ന വിഷയത്തില്‍ ആര്‍ ബി ഐയും സര്‍ക്കാരും പരിശോധന നടത്തിയതായും കേന്ദ്ര ബാങ്ക് അറിയിച്ചു.