Categories: indiaNews

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73 വയസ്സ്; ഇന്ത്യ ഏകാധിപത്യരീതിയിലേക്ക് തിരിഞ്ഞ ഒരു പതിറ്റാണ്ട്

കെ.പി ജലീൽ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73 വയസ്സ് തികയുന്നു .ഇന്ത്യയിലെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന വ്യക്തിയാണ് മോദി .1950 സെപ്റ്റംബർ 17ന് ഗുജറാത്ത് വാദ്നഗറിൽ ആണ് ജനനം. ഇന്ത്യയെ ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് നയിക്കുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് മോദിയുടെ ജന്മദിനം .മോദിയുടെ കാലത്ത് ജനാധിപത്യ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും എതിരെ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായി .മതേതരത്വം ഹനിക്കപ്പെട്ടു. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള നിരവധി നിയമനിർമാണങ്ങൾ മോദിയുടെ കീഴിൽ നിർമ്മിക്കപ്പെട്ടു. ഗുജറാത്ത് , മുസഫർനഗർ , ഡൽഹി ,മണിപ്പൂർ കലാപങ്ങൾ മോദിയുടെ കീഴിൽ നടന്നു. മുസ്ലീങ്ങളുടെ വ്യാപാരങ്ങൾക്കെതിരെയും ജീവനോപാധികൾക്കെതിരെയും നടു റോഡിൽ ആക്രമണം നടന്നു .നൂറോളം പേരെ മാംസ ഭക്ഷണത്തിന്റെ പേരിൽ സംഘപരിവാറുകാർ വഴിയിലിട്ട് തല്ലിക്കൊന്നു. പൗരത്വ നിയമം ഭേദഗതി ചെയ്ത് ഇന്ത്യയുടെ നാല് അയൽ സംസ്ഥാനങ്ങളിലെ മുസ്ലീങ്ങൾ അല്ലാത്തവർക്ക് മാത്രംപൗരത്വം നൽകാൻ നിയമം നിർമിച്ചു .മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകാശ്മീരിൻ്റെ സ്വാതന്ത്ര്യ കാലം മുതലുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞു .സംസ്ഥാനത്തെ രണ്ടാക്കി സംസ്ഥാനപദവി നീക്കം ചെയ്തു.
ഹിന്ദുത്വ ആശയം മാത്രം പ്രചരിപ്പിക്കാൻ പ്രസംഗങ്ങളിലൂടെ മോദി ശ്രമിച്ചു. പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ ഹിന്ദു സന്യാസിമാരെ കൊണ്ടുവന്ന് പൂജ ചെയ്തു .മതേതരഇന്ത്യയുടെ പ്രധാനമന്ത്രി മോദി രാജ്യത്തിൻറെ മുഖച്ഛായ ഹിന്ദുത്വമാണെന്ന് മാറ്റിയെടുക്കാൻ ശ്രമിക്കുന്നു .12 വർഷം ഗുജറാത്തിൽ മുഖ്യമന്ത്രിപദം ഏറ്റശേഷമാണ് മോദി പാർലമെൻറിലേക്ക് മത്സരിച്ചത്. ഉത്തർപ്രദേശിലെ വാരണ സിമണ്ഡലത്തെയാണ് 2014ലും 19ലും പ്രതിനിധീകരിച്ചത് .ബിജെപിയുടെ തലമുതിർന്ന നേതാക്കളായ എ ബി വാജ്പേയി, എൽകെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ മൂലക്കിരുത്തി. ഇതിനായി 75 കഴിഞ്ഞവർ അധികാരത്തിൽ വേണ്ടെന്ന് നിഷ്കർഷിച്ചു. ബിജെപിയുടെ അധ്യക്ഷ പദവി അലങ്കാരം മാത്രമായി .രാജ്യത്തിന്റെ ചരിത്രം തന്നെ വളച്ചൊടിച്ച് സ്‌കൂള്‍ സിലബസ്സുകളില്‍ മാറ്റം വരുത്തി. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാഠഭാഗങ്ങള്‍ ദേശീയവിദ്യാഭ്യാസനയത്തില്‍നിന്ന് നീക്കംചെയ്തു.
രാജ്യത്തെ ‘ ഒരു തെരഞ്ഞെടുപ്പ് ‘എന്ന ആശയത്തിലേക്ക് കൊണ്ടുപോകുന്നു. ഇതിനായി മുൻരാഷ്ട്രപതി രാമനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി സമിതി രൂപീകരിച്ചു . പാർലമെൻററി ജനാധിപത്യത്തിൽ നിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്ക് രാജ്യത്തെക്കൊണ്ടു പോകുകയാണെന്ന ആശങ്ക പലരും ഉയർത്തുന്ന സന്ദർഭത്തിലാണ് മോദിയുടെ 73ആം ജന്മദിനം .

നോട്ടു നിരോധനം മൂലം നാടാകെ സാമ്പത്തികക്കുഴപ്പത്തിലകപ്പെട്ടു. തൻ്റെ കൂട്ടാളികൾക്ക് സാമ്പത്തിക നേട്ടം നൽകുന്നതിനായി പൊതു മേഖലയിലെ അഭിമാന സ്ഥാപനങ്ങളെ സ്വകാര്യവത്കരിച്ചു. സമ്പന്നരുടെ സംഖ്യ വലിയ തോതിൽ ഉയർന്നപ്പോൾ ദരിദ്രരുടെ എണ്ണം കുത്തനെ വർധിച്ചു.
എട്ടാം വയസ്സിലാണ് മോദി ആർഎസ്എസിൽ ചേരുന്നത് .ഹിന്ദുത്വ ആശയത്തിന്റെ പ്രചാരകരായ ആർഎസ്എസ് തൻറെ മാതൃ സംഘടനയാണെന്ന് ഇപ്പോഴും മോദി അഭിമാനിക്കുന്നു .മുസ്ലീങ്ങളുടെ തൊപ്പി ധരിക്കാൻ ഒരു വേദിയിൽ ആവശ്യപ്പെട്ടപ്പോൾ അത് പരസ്യമായി നിരസിച്ചു .വാദ് നഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ ചായ ഒഴിച്ചു കൊടുത്തിരുന്ന ബാലനായാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത് .ബിരുദവും ബിരുദാനന്ദ ബിരുദവും ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും ഗുജറാത്തിലെ യൂണിവേഴ്സിറ്റിയിൽ ഇതു സംബന്ധിച്ച രേഖകൾ ഒന്നുമില്ല. സഹപാഠികൾ ആരും അവകാശപ്പെടാനും ഇല്ല .ആദ്യം മറച്ചുവെച്ചെങ്കിലും പതിനേഴാം വയസ്സിൽ യശോദാ ബെൻ എന്ന യുവതിയെ വിവാഹം കഴിച്ചതായി നീണ്ടകാലത്തിനുശേഷം മോദി സമ്മതിക്കുകയുണ്ടായി .എന്നാൽ അവരുമായി ഇപ്പോഴും ബന്ധമൊന്നുമില്ല. അവിവാഹിതനെ പോലെയാണ് ജീവിതം. ഇന്ത്യയിലെ പത്രസ്വാതന്ത്ര്യം 161 ആം സ്ഥാനത്തേക്ക് തള്ളപ്പെട്ട കാലം കൂടിയാണ് മോദികാലം .കാശ്മീരിലെ പുൽവാമയിൽ 50 സിആർപിഎഫ് ജവാന്മാരെ കൂട്ടക്കൊല ചെയ്ത സ്ഫോടനം നടന്നത് കേന്ദ്രസർക്കാരിൻറെ വീഴ്ചയാണെന്ന് മോദി നിയോഗിച്ച മുൻ ജമ്മു കശ്മീർ സംസ്ഥാന ഗവർണർ സത്യപാൽ മാലിക് പരസ്യമായി ആരോപിക്കുകയുണ്ടായി.

പിന്നീട് അദ്ദേഹത്തിന് എതിരെ കേന്ദ്രസർക്കാർ ഏജൻസികൾ അന്വേഷണവുമായി രംഗത്തുവന്നു. പാക്കിസ്ഥാനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെങ്കിലും മരണസംഖ്യ പുറത്തുവിട്ടില്ല. ചൈനയാകട്ടെ അരുണാചലിലും ലഡാക്കിലും ആയിരക്കണക്കിന് ഏക്കർ ഭൂമി കയ്യേറി. ബംഗ്ലാദേശ് ഒഴികെയുള്ള രാജ്യങ്ങളെല്ലാം ഇന്ത്യക്കെതിരായി . കേന്ദ്രസർക്കാർ ഏജൻസികളായ സിബിഐയെയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെയും വ്യാപകമായി ദുരുപയോഗം ചെയ്ത കാലം കൂടിയാണ് മോദി ഭരണകാലം. 2002ൽ അന്നത്തെ ബിജെപി മുഖ്യമന്ത്രിയായ യേശുഭായ് പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കിയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2002ലെ ഇലക്ഷനിൽ രാജ്കോട്ടിൽ നിന്ന് വിജയിച്ച് എംഎൽഎയായി .ആ വർഷം തന്നെ മുഖ്യമന്ത്രിയും .ഗോധ്ര റെയിൽവേ സ്റ്റേഷനിൽ നടന്ന ട്രെയിൻ തീവെപ്പിൽ 60 പേർ മരണപ്പെടുകയും തുടർന്ന് മുസ്ലീങ്ങൾക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ ആക്രമണം ഉണ്ടാവുകയും ചെയ്തു .രണ്ടായിരത്തോളം പേരാണ് സംസ്ഥാനത്ത് അന്ന് കൊല്ലപ്പെട്ടത്. ഒന്നരലക്ഷത്തോളം പേർക്ക് വീടുകൾ ഒഴിയേണ്ടി വന്നു .അന്നത്തെ ഗുജറാത്ത് സർക്കാരിന് പ്രത്യേകിച്ചും മോദിക്ക് കലാപത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് വിവിധ അന്വേഷണ ഏജൻസികൾ വ്യക്തമാക്കി .മോദി’ രാജധർമ്മം’ പാലിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി ജെ ബി വാജ്പേയ് പരസ്യമായി ആവശ്യപ്പെട്ടു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മോദിക്ക് വിസ നിഷേധിച്ചു. യാത്രാവിലക്ക് ഏർപ്പെടുത്തി.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തുടർച്ചയായി അധികാരത്തിലേറാം എന്ന മോഹത്തിലാണ് ഇപ്പോൾ മോദി. ഇതിനായി അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു . പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള തുടർച്ചയായ അന്വേഷണങ്ങളും വ്യക്തിപരമായ ആക്രമണങ്ങളും രാജ്യത്തെ ഭീതിപ്പെടുത്തുകയാണ്. പ്രതിപക്ഷത്തെ 28 പാർട്ടികൾ ചേർന്ന് ‘ഇന്ത്യ ‘എന്ന പേരിൽ മുന്നണി ഉണ്ടാക്കി .ഇതിനെതിരെ രാജ്യത്തിൻറെ പേരു തന്നെ ‘ ഭാരത് ‘ എന്നാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ .ഇതിനായി അന്താരാഷ്ട്ര സംഘടനയായ ജി20 ഉച്ചകോടിയിൽ ഇന്ത്യ എന്നതിന് പകരം ‘ഭാരത് ‘എന്നാക്കി ഔദ്യോഗികൾ മാറ്റം വരുത്തി .രാഷ്ട്രപതിമാര്‍ വെറും പാവകളായി.
ഇന്ത്യയിലെ ജനാധിപത്യവും പൗരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് മോദി തയ്യാറാവണമെന്ന് താൻ ആവശ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡൻറ് ജോബൈഡൻ പരസ്യമായി വ്യക്തമാക്കി . ജി 20 ഉച്ചകോടിക്ക് ശേഷം പതിവുള്ള മാധ്യമസമ്മേളനം പോലും മോദി ഉപേക്ഷിച്ചു. മാധ്യമങ്ങളെ നേരിൽ കാണുന്നതിനോ വാർത്താ സമ്മേളനം നടത്തുന്നതിനോ തയ്യാറാകാതെ കഴിഞ്ഞ 10 വർഷത്തോളം മോദി തൻറെ മാധ്യമ വിരോധം തുടരുകയാണ് .അതേസമയം തനിക്ക് ഇഷ്ടമുള്ള വാർത്താ അവതാരകർക്ക് അഭിമുഖം നടത്താൻ അവസരം നൽകുകയും ചെയ്യുന്നു.

Chandrika Web:
whatsapp
line