പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മോസ്‌കോയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് റഷ്യയിലെ ഇന്ത്യക്കാര്‍. ഇന്ത്യന്‍ ബിസിനസ് അലയന്‍സ് ആന്‍ഡ് ഇന്ത്യ കള്‍ചറല്‍ നാഷണല്‍ സെന്റര്‍ പ്രസിഡന്റ് സാമി കോട്വാണിയാണ് ഈ വിഷയം ഉന്നയിച്ചത്.
ജൂലൈ എട്ടിനാണ് പ്രധാനമന്ത്രിയുടെ റഷ്യാ സന്ദര്‍ശനം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധത്തിനുശേഷം ആദ്യമായിട്ടാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നതിനാല്‍ ക്ഷേത്രമെന്ന ആവശ്യത്തോട് അധികൃതര്‍ക്കും എതിര്‍പ്പില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഒട്ടുമിക്ക മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളും കമ്മ്യൂണിറ്റി സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മോദിയും പുടിനും തമ്മില്‍ നടക്കുന്ന ഉഭയകക്ഷി ചച്ചയില്‍ ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചും സംസാരിക്കണമെന്നാണ് റഷ്യയിലുള്ള ഇന്ത്യക്കാരുടെ ആവശ്യം. ഇത്തരമൊരു പ്രവര്‍ത്തിയിലൂടെ റഷ്യയില്‍ ഹിന്ദുമതത്തിനുള്ള സ്വീകാര്യത വര്‍ദ്ധിക്കുമെന്നും ഇവര്‍ വാദിക്കുന്നുണ്ട്.