X

7 ഭൂഖണ്ഡങ്ങള്‍ ചുറ്റിയടിച്ച് ഗിന്നസ് റെക്കോര്‍ഡിലേക്ക് ഇന്ത്യക്കാര്‍; തകര്‍ത്തത് മുന്‍ റെക്കോര്‍ഡിനേക്കാള്‍ 13 മണിക്കൂറുകളുടെ വ്യത്യാസത്തില്‍

ഏറ്റവും വേഗത്തില്‍ ഏഴ് ഭൂഖണ്ഡങ്ങള്‍ താണ്ടിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ഇന്ത്യക്കാര്‍ക്കു സ്വന്തം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോതെറാപിസ്റ്റ് ഡോ. അലി ഇറാനിയും സുഹൃത്ത് സുജോയ് കുമാര്‍ മിത്രയുമാണ് ഏഴ് വന്‍കരകളിലൂടെ നാലു ദിവസം കൊണ്ട് യാത്ര ചെയ്ത് റെക്കോര്‍ഡിട്ടിരിക്കുന്നത്. അന്റാര്‍ട്ടിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നീ ഏഴ് വന്‍കരകളിലൂടെയായിരുന്നു റെക്കോര്‍ഡ് യാത്ര നടത്തിയത്.

2022 ഡിസംബര്‍ നാലിനാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും ഇരുവരും യാത്ര ആരംഭിച്ചത്. യാത്ര അവസാനിച്ചത് ഡിസംബര്‍ ഏഴിന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍. ഇത്രയും ചുറ്റി സഞ്ചരിക്കാന്‍ എടുത്ത സമയം മൂന്നു ദിവസവും ഒരു മണിക്കൂറും അഞ്ചു മിനിറ്റും നാല് സെക്കന്‍ഡും മാത്രം. ഇരുവരുടേയും റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിശോധനകള്‍ക്കൊടുവില്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

ഇതിന് മുമ്പ് ഏറ്റവും വേഗത്തില്‍ ഏഴ് വന്‍കരകള്‍ സഞ്ചരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയത് യുഎഇ പൗരനായ ഡോ. ഖാവ്‌ല അല്‍റൊമെയ്തിയായിരുന്നു. അദ്ദേഹത്തിന് ആവശ്യമായി വന്നത് മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും. അലി ഇറാനിയും സുഹൃത്ത് സുജോയ് കുമാര്‍ മിത്രയും തകര്‍ത്തത് മുന്‍ റെക്കോര്‍ഡിനേക്കാള്‍ 13 മണിക്കൂറോളം കുറവ് സമയത്തിലൂടെയാണ്.

webdesk13: