X

2017 ലെ സെര്‍ച്ച് വിവരങ്ങള്‍ പുറത്തു വിട്ട് ഗൂഗിള്‍ ഇന്ത്യ

കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017 ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഗൂഗിള്‍ ഇന്ത്യ പുറത്തു വിട്ടു. മുന്‍ നിരയില്‍ നില്‍ക്കുന്ന പ്രവണതകള്‍, സെര്‍ച്ചുകള്‍ എന്നിവ സംബന്ധിച്ച ഇന്ത്യയിലെ സവിശേഷതകളാണ് ഇതിലുള്ളത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ രംഗത്തെ ദശലക്ഷക്കണക്കിനു പേരുടെ കാഴ്ചപ്പാടിലുള്ള പ്രധാനപ്പെട്ട താല്‍പ്പര്യങ്ങള്‍, വലിയ സംഭവങ്ങള്‍, സജ്ജീവമായ പ്രവണതകള്‍ എന്നിവ ഇതില്‍ പ്രതിപാദിക്കുന്നു. ഇത്തവണ ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്‍,ഗോവ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിലുള്ളത്.

ഈ വര്‍ഷവും ബോളീവുഡും ക്രിക്കറ്റും ഈ രംഗത്തെപ്രധാന രണ്ടു വിഷയങ്ങളെന്ന സ്ഥാനത്തു തുടരുന്നുണ്ട്. നിരവധി ബോക്സോഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച ഇന്ത്യയിലെ ഏറ്റവും ചെലവു ചെയ്തു നിര്‍മിച്ച ചിത്രമായ വിവിധ ഭാഷകളിലുള്ള ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍ ഗൂഗിളില്‍ ഈ വര്‍ഷത്തെ ട്രെന്‍ഡുകളുടെ കാര്യത്തില്‍ ഏറ്റവും മുന്നിലെത്തിയതു സ്വാഭാവികം മാത്രം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ചുള്ള സെര്‍ച്ചുകളാണ് ഇതിനു പിന്നാലെയുള്ളത്.

ലൈവ് ക്രിക്കറ്റ് ആണ് മൂന്നാം സ്ഥാനത്തു നില്‍ക്കുന്നത്. ഏഴു ബോളീവുഡ് ചിത്രങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളതെന്നും ഗൂഗിള്‍ ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബോളീവുഡ് ഗാനങ്ങളും വന്‍ തോതില്‍ സെര്‍ച്ചു ചെയ്യപ്പെട്ടിട്ടുണ്ട്.

ഹവാ ഹവാ ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ തെരഞ്ഞ ഗാനം. മേരേ രക്ഷേ ഖ്വമാര്‍ എന്ന സൂഫി ട്രാക്കാണ് ഇതിനു പിന്നില്‍. പാശ്ചാത്യ സംഗീതത്തിലുള്ള താല്‍പ്പര്യം നിലനില്‍ക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ലാറ്റിന്‍ ഹിറ്റ് ആയ ഡെസ്പാസിറ്റോയ്ക്കായുള്ള തെരച്ചില്‍.

എന്റര്‍ടെയ്നര്‍മാരില്‍ ഈ വര്‍ഷവും സണ്ണി ലിയോണ്‍ തന്നെയാണ് മുന്നില്‍. ആര്‍ഷി ഖാന്‍, സപ്ന ചൗധരി, വിദ്യ വോക്സ് എന്നിവര്‍ പിന്നാലെയുണ്ട്.

അഖിലേന്ത്യാ തലത്തിലെ വാര്‍ത്തകളുടെ കാര്യത്തില്‍ സി.ബി.എസ്.ഇ. ഫലങ്ങള്‍, യു.പി. തെരഞ്ഞെടുപ്പ്, ജി.എസ്.ടി., ബജറ്റ് എന്നിവയാണ് മുന്നിലുള്ളത്. ആഗോള തലത്തില്‍ ബിറ്റ്കോയിന്‍ വിലയെക്കുറിച്ചും റാന്‍സംവെയറിനെക്കുറിച്ചുമാണ് കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടായത്. ലോക സുന്ദരി പട്ടം ലഭിച്ചത് സ്വാഭാവികമായും മാനുഷി ചില്ലറേയും കൂടുതല്‍ ശ്രദ്ധേയയാക്കിയിട്ടുണ്ട്.

പ്രത്യേക കാര്യങ്ങള്‍ എന്താണെന്നറിയാനുള്ള ചോദ്യങ്ങള്‍ തെരഞ്ഞെവയുടെ കൂട്ടത്തില്‍ ജി.എസ്.ടി, ബിറ്റ്കോയിന്‍, ജെല്ലിക്കെട്ട്, ബി.എസ്.3 വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു.

chandrika: