X
    Categories: indiaNews

ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ഡല്‍ഹി: ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. ഇന്ത്യയ്ക്ക് മുന്നിലായി ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

രാജ്യത്തെ നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്‍ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായി ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇത് 37 മണിക്കൂറാണ്. സ്ഥിരം വരുമാനക്കാരായ പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 52 മണിക്കൂറും സ്ത്രീകള്‍ക്ക് 44 മണിക്കൂറാണ് ജോലി. താത്കാലിക ജീവനക്കാരായ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂറാണ് തൊഴിലെടുക്കുന്നത്. ഈ വിഭാഗത്തിലെ സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നു.

ഇന്ത്യയില്‍ ആളുകള്‍ കൂടുതല്‍ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അനുവദിക്കപ്പെട്ടതിന്റെ പത്തിലൊന്നു മാത്രമേ രാജ്യത്ത് വിശ്രമസമയമുള്ളൂ. വിശ്രമവേള താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാരെക്കാള്‍ കുറവാണ് സ്ത്രീകള്‍ക്കു വിശ്രമവേള.

 

Test User: