X

ഖത്തറില്‍ പന്ത് തട്ടാന്‍ ഇന്ത്യ ഉണ്ടാകുമോ?

ദിബിന്‍ ഗോപന്‍

മറ്റൊരു ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടിക പുറത്ത് വന്നിരിക്കുന്നു. ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍,ഒമാന്‍,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ് എന്നിവരോടൊപ്പം മത്സരിക്കണം.

നിലവില്‍ ലോക റാംങ്കിങില്‍ ഇന്ത്യ 101 ാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ മറ്റുള്ള ടീമുകളുടെ സ്ഥാനം ഇങ്ങനെയാണ്. ഒമാന്‍ (86), ഖത്തര്‍ (55),അഫ്ഗാനിസ്ഥാന്‍ (149), ബംഗ്ലാദേശ് (183) .

സ്ഥാനത്തിന്റെ കാര്യത്തില്‍ വിലയിരുത്തുകയാണെങ്കില്‍ ഗ്രൂപ്പിലെ രണ്ട് ടീമുകള്‍ ഇന്ത്യയെക്കാളും മികച്ചവര്‍ തന്നെയാണ്. എന്നാല്‍ യുവത്വമാണ് ഇന്ത്യയുടെ ശക്തി. പുതിയ പരിശീലകന്‍ ഇഗര്‍ സ്റ്റിമാച്ച് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ടീമില്‍ ഇടം നേടിയ എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കിയത് അവരുടെ മികവും പോരായ്മകളും വിലയിരുത്താനാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും സംഘവും സെപ്തംബര്‍ 5 ന് ഒമാനെതിരെ ആദ്യ യോഗ്യത മത്സരത്തിന് ബൂട്ടണിയുമ്പോള്‍ ജയമല്ലാതെ മറ്റൊന്നും ആരും പ്രതീക്ഷിക്കില്ല.

ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍

കേരളവും ബംഗാളും ഗോവയും മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ എണ്ണം വളരെ വിരളമാണ്. ക്രിക്കറ്റിന് കിട്ടുന്ന പിന്തുണ എന്തുകൊണ്ട് ഫുട്‌ബോളിന് ലഭിക്കുന്നില്ല എന്ന് പലപ്പോഴും ചിന്തിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ ഗാലറികളുടെ പ്രതികരണം. ഒരു രാജ്യത്തിന്റെ ക്യാപ്റ്റന്‍ തന്റെ ടീമിനെ പിന്തുണക്കാന്‍ യാചിക്കുന്നത് കാണേണ്ടി വന്നത് നമ്മുടെ ഇന്ത്യയിലാണ്. ക്രിക്കറ്റാണെങ്കിലും ഏത് കായിക വിനോദമാണെങ്കിലും രാജ്യത്തിന്റെ കുപ്പായത്തില്‍ അവര്‍ മത്സരിക്കുന്നത് നമ്മളടങ്ങുന്ന രാജ്യത്തിന്റെ പ്രതീകങ്ങളായാണ്. പലപ്പോഴും ഒരു കായിക വിനോദത്തോടുള്ള അമിത സ്‌നേഹം മറ്റൊന്നിനെ തടയുന്നത് ഭൂഷണമാണോ?.

ഇന്ത്യ ലോകകപ്പ് നേടുമെന്ന തമാശ…!

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കുറ്റപെടുത്തുന്നവര്‍ പലപ്പോഴും ഉപയോഗിക്കുന്ന വാചകമാണ് ഇന്ത്യയുടെ ലോകകപ്പ് പ്രവേശനവും ഇന്ത്യ ലോകകപ്പ് കരസ്ഥമാക്കുന്നതും. ഒരു സുപ്രഭാതത്തില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ അത് നേടാനുള്ള കരുത്ത് ഇന്ത്യ ആര്‍ജിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ടീം ലോകത്തിലെ നെറുകയില്‍ എത്തിയതിന് ആരാധകരുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ ഫുട്‌ബോളിനെ പിന്തുണ നല്‍കാത്തവര്‍ക്ക് കുറ്റപെടുത്താന്‍ എന്താണ് അര്‍ഹത?. രാജ്യത്തിന് വേണ്ടി ബൂട്ടണിയുന്ന ഓരോ കളിക്കാരനും ആഗ്രഹിക്കുക അവന്റെ കാലിന് ഊര്‍ജ്ഞം നല്‍കുന്ന ആരാധകരെയാണ് ഇനി വരുന്ന മത്സരങ്ങളില്‍ കാലിയായി കിടക്കുന്ന കസേരകള്‍ക്ക് മുന്നില്‍ ബൂട്ടണിയേണ്ട നിര്‍ഭാഗ്യം ഇന്ത്യന്‍ ടീമിന് ഉണ്ടാവാതിരിക്കട്ടെ.

Test User: