X
    Categories: Sports

തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ തമ്മില്‍ത്തല്ല്

Cricket - Women's Cricket World Cup Final Preview - India Nets & Press Conference - London, Britain - July 22, 2017 India's Mithali Raj during nets Action Images via Reuters/John Sibley

 

മുംബൈ: ടി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പോര്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിഥാലി രാജിനെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ തുറന്നടിച്ച് സീനിയര്‍ താരത്തിന്റെ മാനേജര്‍ രംഗത്തെത്തി. പക്വതയും അര്‍ഹതയുമില്ലാത്ത, നുണ പറയുന്ന ക്യാപ്ടനാണ് ഹര്‍മന്‍ പ്രീതെന്നും വനിതാ ടീമില്‍ കളിയല്ല രാഷ്ട്രീയമാണുള്ളതെന്നും മിഥാലിയുടെ മാനേജര്‍ അനീഷ ഗുപ്ത ആരോപിച്ചു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ അയര്‍ലാന്റിനും പാകിസ്താനുമെതിരെ അര്‍ധസെഞ്ച്വറി നേടിയ മിഥാലി രാജ് പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരെ കളിച്ചിരുന്നില്ല. എന്നാല്‍, സെമിഫൈനല്‍ മത്സരത്തിനു മുമ്പ് അവര്‍ ആരോഗ്യം വീണ്ടെടുത്തിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 89 എന്ന ശക്തമായ നിലയില്‍ നിന്ന് 112ല്‍ ഓളൗട്ടാവുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം കാണുകയും ഫൈനലിലെത്തുകയും ചെയ്തു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്ടന്‍ നാസര്‍ ഹുസൈനും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ളവര്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിനെതിരെ രംഗത്തെത്തി. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരെ ജയിച്ച ടീമിനെ അതേപടി നിലനിര്‍ത്താനാണ് സെമിയില്‍ തീരുമാനിച്ചതെന്നും അതില്‍ ഖേദമില്ലെന്നുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ നിലപാട്. ‘ഞങ്ങള്‍ എന്തു തീരുമാനമെടുത്താലും അത് ടീമിനു വേണ്ടിയായിരുന്നു. ചിലപ്പോള്‍ അത് ഫലിക്കും. ചിലപ്പോള്‍ ഫലിക്കില്ല. അതില്‍ ഖേദമില്ല. ടൂര്‍ണമെന്റിലുടനീളമുള്ള ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്.’ മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന വ്യാജേന ഹര്‍മന്‍ പ്രീത് തനിക്കിഷ്ടപ്പെട്ടവരെ കളിപ്പിക്കുകയാണെന്നും സെമിയില്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിന് ന്യായമില്ലെന്നും അനീഷ ഗുപ്ത പറഞ്ഞു. ‘യുവക്രിക്കറ്റര്‍മാര്‍ക്ക് അവസരം നല്‍കാനായിരുന്നു തീരുമാനമെന്ന പ്രസ്താവനകള്‍ വരുന്നുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ സെമിഫൈനലില്‍ പരിചയ സമ്പന്നയായ സീനിയര്‍ കളിക്കാരിയെ കളിപ്പിക്കാതിരുന്നത് ശരിയായില്ല. യുവകളിക്കാര്‍ക്ക് അവസരം നല്‍കുന്നതുമായി അതിന് ബന്ധമൊന്നുമില്ല.’ അനീഷ വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ മിഥാലി രാജ് ലോകകപ്പിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയ എക്കെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ടി20യില്‍ ഇന്ത്യന്‍ താരങ്ങളില്‍ മികച്ച ശരാശരിയുള്ള മിഥാലി 80 ഇന്നിങ്‌സുകളില്‍ നിന്ന് 17 അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ടി20യില്‍ വേഗതയില്‍ സ്‌കോര്‍ ചെയ്യുന്നില്ല എന്ന ആക്ഷേപം മിഥാലിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ടി20 ടീമിന്റെ ക്യാപ്ടനായി നിയമിക്കപ്പെട്ട ഹര്‍മന്‍പ്രീതും മിഥാലിലും തമ്മില്‍ അത്ര രസത്തിലല്ല എന്നു സൂചനയുണ്ട്. ഈ വര്‍ഷം മുംബൈയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റിന് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ യുവകളിക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് ക്യാപ്ടന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ’30 വാര സര്‍കകിളില്‍ വെറുതെ നില്‍ക്കുന്നവര്‍ക്കു പകരം മൈതാനത്തുടനീളം ഓടാന്‍ കഴിയുന്ന കളിക്കാരെ വേണം’ എന്ന് ഹര്‍മന്‍പ്രീത് മാനേജ്‌മെന്റിനെഴുതിയത് മിഥാലിയെ ഒഴിവാക്കാനുദ്ദേശിച്ചാണെന്ന് പറയപ്പെടുന്നുണ്ട്‌

chandrika: