അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കെ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ വെറും 112 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ ആശിച്ച തുടക്കം ഇന്ത്യയ്ക്ക് നല്‍കി. പിന്നാലെ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് ഇനി 13 റണ്‍സ് കൂടി മതി.
57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് ഉപനായകന്‍ അജിങ്ക്യ രഹാനെയും പുറത്താവാതെ നില്‍ക്കുന്നു. ആറുവിക്കറ്റ് വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അക്ഷര്‍ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റണ്‍സിന് ചുരുട്ടിക്കെട്ടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്‌കോര്‍ 33-ല്‍ നില്‍ക്കേ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 11 റണ്‍സെടുത്ത ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. കൂറ്റനടിയ്ക്ക് ശ്രമിച്ച ഗില്ലിന്റെ ശ്രമം വിഫലമായി. പന്ത് ക്രോളി കൈയ്യിലൊതുക്കി.
പിന്നാലെ ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാരയെ തൊട്ടടുത്ത ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ജാക്ക് ലീച്ച് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. അക്കൗണ്ട് തുറക്കും മുന്‍പേ പൂജാര പുറത്തായി. 33 ന് പൂജ്യം എന്ന നിലയില്‍ നിന്നും 34 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണു.
പിന്നീട് ക്രീസിലെത്തിയ നായകന്‍ വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റി. പിന്നാലെ താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. 63 പന്തുകളില്‍ നിന്നും എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ 12-ാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ കോലിയ്ക്കൊപ്പം രോഹിത് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.
എന്നാല്‍ സ്‌കോര്‍ 98-ല്‍ നില്‍ക്കെ 27 റണ്‍സെടുത്ത കോലിയെ മടക്കി ജാക്ക് ലീച്ച് വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. ലേറ്റ് കട്ടിന് ശ്രമിച്ച കോലിയുടെ ബാറ്റിലുരസി പന്ത് വിക്കറ്റ് തെറിപ്പിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. 21.4 ഓവറില്‍ വെറും 38 റണ്‍സ് മാത്രം വിട്ടുനല്‍കി ആറുവിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഇംഗ്ലണ്ടിനായി 53 റണ്‍സെടുത്ത സാക്ക് ക്രോളി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.