യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ വെല്ലുവിളിച്ച് ഒരു നഗരം.
ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ ചെറു പട്ടണമായ കസ്ബ ബോണ്‍ലിയിലെ ജനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാനം ലംഘനം ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തുവന്നത്.
മെച്ചപ്പെട്ട തൊഴില്‍ എന്ന വാഗ്ദാനത്തില്‍ വീണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദിയെയും ബി.ജെ.പിയെയും പിന്തുണച്ച ഇവിടുത്തെ ജനങ്ങള്‍ ഇത്തവണ വോട്ടുമറിച്ചു കുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴില്‍ നല്‍കാത്തവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യം വിളിച്ചാണ് ജനങ്ങള്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
അഭ്യസ്ത വിദ്യരായ യുവാക്കളും യുവതികളുമാണ് ബി.ജെ.പിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. പ്രതിമാസ വേതനമുള്ള ജോലി ലഭിക്കാത്തതിന് ഉത്തരവാദി മോദി സര്‍ക്കാറാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ബിരുദാനന്തര ബിരുദം നേടിയിട്ടും പെയിന്റ് ജോലി ചെയ്യേണ്ടി വന്നതിന്റെ ദുരനുഭവം 31കാരനായ രാകേഷ് കുമാര്‍ പങ്കുവെക്കുന്നു.
എട്ടു സഹോദരങ്ങളില്‍ മൂത്തവനായ തനിക്കാണ് കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍. തന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ച് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ തവണ മോദിക്കു വേണ്ടി വോട്ടു ചെയ്തത്. അതൊരു പരീക്ഷണമായിരുന്നു. എന്നാല്‍ ഇത്തവണ ഇനി ആവര്‍ത്തിക്കില്ലെന്ന് രാകേഷ് കുമാര്‍ പറഞ്ഞു. സമാനമായ വികാരമാണ് മറ്റ് പ്രദേശവാസികളും പ്രകടിപ്പിച്ചത്.
നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍ സര്‍ക്കാരിനെ ജനങ്ങള്‍ പരസ്യമായി വെല്ലുവിളിച്ചത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിക്ക് കനത്ത പരാജയമാണ് ഇവിടെ നേരിടേണ്ടി വന്നത്.