മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി യാത്ര തിരിക്കും മുന്‍പ്, മുംബൈയില്‍വച്ച് നടത്തുന്ന കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുന്നവരെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന മുന്നറിയിപ്പുമായി ബിസിസിഐ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേക്കു പോകാന്‍ ദിവസങ്ങളുണ്ടെങ്കിലും അതിനു മുന്‍പും ബയോ സെക്യുര്‍ ബബ്‌ളിലേതിനു സമാനമായ മുന്‍കരുതല്‍ ആവശ്യമാണെന്നാണ് ബിസിസിഐ താരങ്ങളെ ഓര്‍മിപ്പിക്കുന്നത്.
ഇന്ത്യയും ന്യൂസീലന്‍ഡും കൊമ്പുകോര്‍ക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജൂണ്‍ 18 മുതല്‍ സതാംപ്ടണിലാണ് ആരംഭിക്കുന്നത്. ഇതിനായി ജൂണ്‍ രണ്ടിന് ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്കു പോകും. അവിടെ ക്വാറന്റീന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടതുള്ളതുകൊണ്ടാണ് യാത്ര നേരത്തേയാക്കിയത്. ഫൈനല്‍ പോരാട്ടത്തിനുശേഷം അവിടെ തുടരുന്ന ഇന്ത്യ, അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയും ഇംഗ്ലണ്ടിനെതിരെ കളിക്കും.
ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിനായി തിരിക്കുന്നത് ജൂണ്‍ രണ്ടിനാണെങ്കിലും, കോവിഡ് പരിശോധനയുള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ മേയ് 25ന് തന്നെ മുംബൈയില്‍ എത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുംബൈയിടെ എട്ടു ദിവസം നീളുന്ന ബയോ സെക്യുര്‍ ബബ്‌ളിലാകും ടീമംഗങ്ങളുടെ ജീവിതം.
‘പരിശോധനയില്‍ കോവിഡ് കണ്ടെത്തിയാല്‍ ഇംഗ്ലണ്ട് പര്യടനവും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും മറന്നേക്കാനാണ് ബോര്‍ഡ് താരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇംഗ്ലണ്ടിലേക്കു പോകുന്നതിനു മുന്‍പായി നടത്തുന്ന പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചാല്‍ അവര്‍ക്കായി ബിസിസിഐ പിന്നീട് ചാര്‍ട്ടേര്‍ഡ് വിമാനമൊന്നും എര്‍പ്പെടുത്തില്ല’ ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ‘ദ് ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.