X

അണ്ടര്‍ 19 ലോകകപ്പ് : സിംബാബ്‌വെക്കതിരെ തകര്‍പ്പന്‍ ജയവുമായി ടീം ഇന്ത്യ

 

മൗണ്ട് മോംഗനൂയി : അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ സിംബാബ്‌വെ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 28.2 ഓവര്‍ ബാക്കി നില്‍ക്കെ പത്തു വിക്കറ്റിനാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ജയിച്ചു കയറിയത്. ഗ്രൂപ്പ് ബിയില്‍ നേരത്തെ ശക്തരായ ഓസ്‌ട്രേലിയയേയും പാപുവ ന്യൂഗിനിക്കെതിരെയും വിജയിച്ച ടീം ഇന്ത്യ സിംബാബ്‌വെക്കെതിരെയും ജയിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു.

 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെയെ സ്പിന്നര്‍ അനുകൂല്‍ റോയിയുടെ നേതൃത്വത്തില്‍ ചെറിയ സ്‌കോറിന് ഒതുക്കുകയായിരുന്നു. കഴിഞ്ഞ കളിയിലെ ഫോം നിലനിര്‍ത്തിയ അനുകൂല്‍ നാലു വിക്കറ്റുകളാണ് ഇന്നു വീഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്, അഭിഷേക് ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതവും ശിവം മാവി, പരാഗ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. മില്‍റ്റന്‍ ഷുംബ (36 ) വെസ്‌ലി മെദ്‌വെ (30), ക്യാപ്റ്റന്‍ ലിയാം റോഷെ (31) സിംബാബ്‌വെക്കായ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ആറു കളിക്കാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല.

155 റണ്‍സെന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായ ശുബ്മാന്‍ ഗില്ലിന്റെയും ഹാര്‍വിക് ദേശായിയുടെയും അര്‍ധസെഞ്ച്വറി മികവില്‍ അനായായി ജയിച്ചു കയറുകയായിരുന്നു ഇന്ത്യ. 59 പന്തുകള്‍ നേരിട്ട ശുബ്മാന്‍ ഗില്‍ 13 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 90 റണ്‍സു നേടി. അതേസമയം പതുക്കെ കളിച്ച ഹാര്‍വിക് ദേശായ് 73 പന്തില്‍ 56 റണ്‍സാണ് നേടിയത്.

chandrika: