X

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ഫോര്‍ലാനില്ല

കൊച്ചി: സൂപ്പര്‍ ലീഗില്‍ വിജയ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങുന്നു. തോല്‍വിയറിയാതെ മുന്നേറുന്ന മുംബൈ സിറ്റി എഫ്.സിയാണ് വൈകിട്ട് 7ന് നടക്കുന്ന അങ്കത്തിലെ എതിരാളികള്‍. രണ്ടു പ്രധാന താരങ്ങളില്ലാതെയാണ് ഇരുടീമുകളും ഇന്ന് അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റതിനാല്‍ ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്‍ ഇന്ന് മുംബൈക്കൊപ്പമുണ്ടാവില്ല, പ്രതിരോധത്തിലെ കുന്തമുനയായ സെഡ്രിക് ഹെങ്ബര്‍ത്തിന്റെ സേവനം ഇന്ന് ബ്ലാസ്റ്റേഴ്‌സിനും ലഭിക്കില്ല. എന്നാല്‍, ലോകകപ്പ് യോഗ്യത റൗണ്ടില്‍ ദേശീയ ടീമിനായി കളിക്കാന്‍ പോയ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസിന്റെ തിരിച്ചുവരവ് ടീമിന് ആത്മവിശ്വാസമേകും.

സ്വന്തം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്‌സിന്, ഇനിയുള്ള നാലു മത്സരങ്ങളും എവേ ഗ്രൗണ്ടിലാണെന്നത് തന്നെ കാരണം. നവംബര്‍ എട്ടിനാണ് ടീമിന്റെ നാലാം ഹോം മത്സരം. അതിനാല്‍ കടലോളം ആരാധനയുമായി എത്തുന്ന കാണികള്‍ക്ക് മുന്നില്‍ ജയിക്കാനുള്ള സകല അടവുകളും ഇന്ന് ബ്ലാസ്റ്റേഴ്‌സ് പയറ്റും. ഇന്ന് കൂടി തോറ്റാല്‍ എവേ ഗ്രൗണ്ടിലെ മത്സരങ്ങളില്‍ തിരിച്ചു വരവ് എളുപ്പമാവില്ല ടീമിന്, ജയിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ഊര്‍ജ്ജവുമായി മടങ്ങാം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സ്റ്റേഡിയത്തില്‍ ഒഴുകിയെത്തിയ അര ലക്ഷത്തോളം കാണികളും ടീമില്‍ നിന്ന് ആഗ്രഹിക്കുന്നതും ഇത് തന്നെ.

ഫോര്‍ലാനില്ല;
ആരാധകര്‍ക്ക് നഷ്ടം
ബ്ലാസ്റ്റേഴ്‌സ് ടീമിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെങ്കിലും ആരാധകരെ നിരാശയിലാക്കുന്നതാണ് ഡീഗോ ഫോര്‍ലാന്റെ അഭാവം. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ ഫോര്‍ലാന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകുന്നതിന് വിശ്രമം ആവശ്യമായതിനല്‍ കൊച്ചിയിലേക്കുള്ള യാത്ര അദ്ദേഹം ഉപേക്ഷിച്ചു. ടീമിനോടൊപ്പം ഫോര്‍ലാന്‍ വന്നിട്ടില്ലെന്നും അദ്ദേഹം മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും പരുക്ക് ഭേദമായാല്‍ ഉടനടി ടീമില്‍ തിരിച്ചെത്തുമെന്നും മുംബൈ പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമാറെസ് പറഞ്ഞു. സെഡ്രിക് ഹെങ്ബര്‍ത്തിന് കഴിഞ്ഞ ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. 64ാം മിനിറ്റില്‍ ഹെങ്ബാര്‍ട്ട് മുടന്തി കളിക്കളം വിട്ടതിനു ശേഷം എന്‍ഡോയ്ക്കായിരുന്നു പ്രതിരോധ ചുമതല. പരുക്കിന്റെ ഗൗരവം കണക്കാക്കിയാല്‍ ഹെങ്ബര്‍ത്തിന് ഇന്ന് കളിക്കാനാവില്ല. എന്നാല്‍, ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമായതിനാല്‍ പരിക്ക് അവഗണിച്ച് ഹെങ്ബര്‍ത്ത് കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലന്ന് ടീമിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. അവസാന ഫിറ്റ്‌നസ് പരിശോധനക്ക് ശേഷമേ എന്തെങ്കിലും പറയാനാകുയുളളുവെന്നും കോപ്പല്‍ വ്യക്തമാക്കി.

ഒന്നു ജയിക്കൂ പ്ലീസ്
മൂന്ന് മത്സരങ്ങള്‍ കളിച്ചു, ഒരു വിജയം പോലും നേടാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. എതിര്‍വലയില്‍ ഇതുവരെ പന്തെത്തിക്കാനാവാത്ത ഏക ടീമെന്ന ദുഷ്‌പേരും കൂട്ടിനുണ്ട്. ഡല്‍ഹിക്കെതിരായ അവസാന മത്സരത്തില്‍ സമനിലയിലൂടെ ഒരു പോയിന്റ് കണ്ടെത്തിയെന്നതാണ് ഏക ആശ്വാസം. ആദ്യത്തെ രണ്ടു മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേന മികച്ച പ്രകടനമായിരുന്നു ഡല്‍ഹിക്കെതിരെ ടീമിന്റേത്. അതിനാല്‍ ഇന്ന് ടീമില്‍ കാര്യമായ അഴിച്ചു പണിക്ക് സാധ്യതയില്ല. ഇതുവരെ കളത്തിലിറങ്ങാത്ത മണിപ്പൂരി സ്‌ട്രൈക്കര്‍ തോങ്കോസിം ഹോകിപിനെ ഇന്ന് കോച്ച് കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പുതിയ സീസണില്‍ ടീമിലെത്തിയ ഏറ്റവും മികച്ച ഇന്ത്യന്‍ താരമെന്ന വിശേഷണമുള്ള ഹോകിപിനെ കോപ്പല്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. പോയ സീസണില്‍ ഗോവക്കായി ആറു മത്സരങ്ങള്‍ കളിച്ച താരം നാലു ഗോളുകള്‍ നേടിയിരുന്നു.

ഫോര്‍ലാനില്ലെങ്കിലും ഫോമില്‍
ഫോര്‍ലാന്‍ ഇല്ലെങ്കിലും മികച്ച ഫോമിലാണ് മുംബൈ സിറ്റി എഫ്.സി. മൂന്ന് മത്സരങ്ങളില്‍ ഇത് വരെ തോല്‍വിയറിഞ്ഞിട്ടില്ല, രണ്ടു ജയവും ഒരു സമനിലയുമായി പോയിന്റ് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ടീം. ഫോര്‍ലാനില്ലാതെയായിരുന്നു അവസാന മത്സരത്തില്‍ ടീം കൊല്‍ക്കത്തക്കെതിരെ ഇറങ്ങിയത്. അതേ ടീമിനെ തന്നെയായിരിക്കും കോച്ച് ഗുയിമാറെസ് ഇന്നും പരീക്ഷിക്കുക. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോള്‍ കണ്ടെത്തിയ മാത്യാസ് ഡെഫെഡെറിക്കോ, ഫോര്‍ലാന് പകരക്കാരനായി എത്തി മികച്ച കളി പുറത്തെടുത്ത ബോയ്താങ് ഹോകിപ്, ലിയോ കോസ്റ്റ, കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ഹെയ്തി താരം സോണി നോര്‍ദെ എന്നിവരെയെല്ലാം ഇന്ന് ആദ്യ ഇലവനില്‍ തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ രണ്ടു സീസണുകളിലായി രണ്ടു വട്ടം ഇരുടീമുകളും കൊച്ചിയില്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. മുംബൈയില്‍ ഏറ്റവുമൊടുവില്‍ നടന്ന മത്സരവും സമനിലയിലാണ് കലാശിച്ചത്. ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ 1-0ന് മുംബൈക്കായിരുന്നു വിജയം.

chandrika: