സ്വന്തം ലേഖകന്‍
കൊച്ചി
ഐ.എസ്.എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ വന്‍ സുരക്ഷ വീഴ്ച്ച സംഭവിക്കുന്നതായി വിലയിരുത്തല്‍. അനുവദനീയമായതിലും അധികം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത് വഴി വലിയ അപകടത്തിനുള്ള സാധ്യതയാണ് ഐ.എസ്.എല്‍ സംഘാടകര്‍ തുറന്നിടുന്നത്. 17ന് ഉദ്ഘാടന മത്സരം കഴിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം ചര്‍ച്ചയായിരുന്നു. അമ്പതിനായിരത്തിലേറെ പേര്‍ കളി കാണാനെത്തിയപ്പോള്‍ കള്ളത്തരം ചേര്‍ത്തായിരുന്നു സംഘാടകരുടെ കണക്ക്.
38,000 താഴെ കാണികള്‍ മാത്രം സ്റ്റേഡിയത്തില്‍ എത്തിയെന്നായിരുന്നു ഔദ്യോഗിക കണക്ക്. ബ്ലാസ്റ്റേഴ്‌സ്-ജംഷെഡ്പൂര്‍ മത്സരത്തിലും ഈ കള്ളക്കണക്ക് ആവര്‍ത്തിച്ചു. സ്റ്റേഡിയത്തിലെ ഭൂരിഭാഗം കസേരകളിലും കാണികളെത്തിയപ്പോള്‍ ഐ.എസ്.എല്‍ സംഘാടകര്‍ നല്‍കിയത് 37,000ന് താഴെയുള്ള കണക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക്‌മൈഷോയിലെ കണക്ക് പ്രകാരം 41,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമുണ്ട് സ്റ്റേഡിയത്തില്‍. ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ക്കായി നവീകരിച്ച സ്റ്റേഡിയത്തില്‍ സീറ്റുകളുടെ കുറയുകയും ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി 29,000 പേര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
സ്‌റ്റേഡിയത്തിന്റെ മൊത്തം ശേഷി, അടിയന്തിര ഘട്ടത്തില്‍ വാതിലുകളിലൂടെ പുറത്തേക്ക് പോകാന്‍ കഴിയാവുന്നവര്‍ എത്ര, അത്യാഹിതം സംഭവിച്ചാല്‍ ഒഴിപ്പിക്കാനുള്ള സംവിധാനം എന്നിവ കണക്കിലെടുത്താണ് സീറ്റ് എണ്ണം പരിമിതപ്പെടുത്തിയത്. ഇതനുസരിച്ച് ഗാലറിയിലെ ഏറ്റവും മുകളിലുള്ള സ്റ്റാന്‍ഡില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഇതൊന്നും പരിഗണിക്കാതെ സംഘാടകര്‍ക്ക് തോന്നിയ പോലെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിവിടുന്നത്. സ്‌റ്റേഡിയം സംബന്ധിച്ച ഫിഫയുടെ നിര്‍ദേശങ്ങള്‍ ഐ.എസ്.എല്‍ സംഘാടകര്‍ പാലിക്കുന്നില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. നിശ്ചിത ടി ക്കറ്റിനുമേല്‍ കാണികളെത്തുന്ന മത്സരത്തില്‍ എന്തെങ്കിലും അത്യാഹിതം സംഹന്ധിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാനുള്ള സാധ്യതയുമില്ല.
അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത ഏറ്റവും മുകളിലത്തെ സ്റ്റാന്‍ഡില്‍ കാണികളെ അനുവദിച്ചതില്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായിരുന്ന ഹാവിയര്‍ സെപ്പി ട്വിറ്ററില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ്-ജംഷെഡ്പൂര്‍ എഫ്.സി മത്സരത്തിലെ ഗാലറി കണ്ട ശേഷമായിരുന്നു സെപ്പിയുടെ പ്രതികരണം. ഒന്നും സംഭവിക്കില്ലെന്ന ശുഭ പ്രതീക്ഷയോടെ സെപ്പി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്.