X

യു.എസ് തെരുവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി പട്ടിണി കിടക്കുന്നു; സഹായം തേടി മാതാവ്

ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ചിക്കാഗോയിലെ തെരുവുകളില്‍ പട്ടിണി കിടക്കുന്ന നിലയില്‍ കണ്ടെത്തി. ചിക്കാഗോ ഡിട്രോയിഡിലെ െ്രെടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും തെലങ്കാന മെഡ്ചല്‍ ജില്ലയിലെ മൗല അലി, ഈദ് ഗാഹിന് സമീപത്തെ സാദുല്ലാല്‍ നാസര്‍ സ്വദേശിനിയുമായ സെയ്ദ ലുലു മിന്‍ഹാജ് സെയ്ദിയാണ് ഒരു നേരത്തെ ഭക്ഷണത്തിനായി വിദേശ രാജ്യത്ത് അലയുന്നത്.

2021 ആഗസ്റ്റിലാണ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി ലുലു മിന്‍ഹാജ് അമേരിക്കയിലെത്തിയത്. രണ്ട് മാസം മുമ്പ് വരെ യുവതി നല്ല രീതിയിലാണ് കഴിഞ്ഞിരുന്നത്. അതിന് ശേഷം ബന്ധപ്പെടാന്‍ സാധിച്ചില്ല. രണ്ട് മൂന്ന് മാസം കൊണ്ട് ഹൈദരാബാദില്‍ നിന്നുള്ള രണ്ട് യുവാക്കളാണ് ചിക്കാഗോയിലെ മസ്ജിദിന് മുമ്പില്‍ യുവതിയെ കണ്ടെത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതോടെ യുവതി വിഷാദരോഗത്തിന്റെ പിടിയിലായെന്നാണ് വിവരം.

മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ ലുലു മിന്‍ഹാജിന്റെ മാതാവ് സെയ്ദ വഹാബ് ഫാത്തിമ കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തെഴുതിയ അവര്‍, മകളെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചു. മകളുടെ ആരോഗ്യനില മോശമാണെന്നും വാഷിങ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസിയും ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

തെലങ്കാന ആസ്ഥാനമായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് പാര്‍ട്ടിയുടെ വക്താവ് അംജദുല്ല ഖാനാണ് യുവതിയുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. യുവതിക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. അതിനാല്‍, പരിചരിക്കാനായി മാതാപിതാക്കളെ ചിക്കാഗോയിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ്. മാതാപിതാക്കള്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ല. അവര്‍ക്ക് പാസ്‌പോര്‍ട്ടും ഹൈദരാബാദിലെ യു.എസ് കോണ്‍സുലേറ്റില്‍ നിന്ന് വിസയും ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് തെലങ്കാന ഐ.ടി മന്ത്രി കെ.ടി.ആറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും യു.എസിലേക്ക് പോകാന്‍ തയാറായിട്ടുണ്ടെന്നും അംജദുല്ല ഖാന്‍ വ്യക്തമാക്കി.

webdesk13: