75 വര്‍ഷം പിറകോട്ട് ഒന്ന് നോക്കു……. കൂറെ മുഖങ്ങള്‍ അവിടെയുണ്ട്. അവരില്‍ തലയെടുപ്പോടെ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദ്. ഇന്ത്യക്കായി ആദ്യ ഒളിംപിക്‌സ് മെഡല്‍ നേടിയ നോര്‍മന്‍ പിച്ചാര്‍ഡ്, സെല്‍റ്റിക് എഫ്.സി എന്ന സ്‌ക്കോട്ടിഷ് വിഖ്യാത ഫുട്‌ബോള്‍ ക്ലബിന്റെ ജഴ്‌സിയില്‍ കളിച്ച മുഹമ്മദ് സലീം, 1928 മുതല്‍ ഒളിംപിക്‌സ് മുതല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണം സ്വന്തമാക്കിയ ഹോക്കി സംഘത്തിലെ വിഖ്യാതര്‍, ക്രിക്കറ്റില്‍ വിജയ് മര്‍ച്ചന്റും സംഘവും, കുമാര്‍ ശ്രിരണ്‍ജിത് സിംഗ്ജി തുടങ്ങി നിരവധി പേര്‍….
ഇനി മുന്നോട്ട് വന്ന് 1947 ന് ശേഷം 2022 വരെ നോക്കുക. കൂടുതല്‍ മുഖങ്ങള്‍ കാണാം. ഒളിംപിക്‌സില്‍ കിതച്ചും കുതിച്ചും ചില വ്യക്തിഗത സ്വര്‍ണങ്ങള്‍. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര, 2021 ലെ ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് ചോപ്ര… ഫുട്‌ബോളില്‍ 56 ലെ മെല്‍ബണ്‍ ഒളിംപിക്‌സിലെ സെമി നേട്ടം, ക്രിക്കറ്റില്‍ 1983 ലെ കപില്‍ദേവ് സംഘത്തിന്റെ കന്നി ലോകകപ്പ്, ആ നേട്ടം ആവര്‍ത്തിച്ച് 2011 ല്‍ മഹേന്ദ്രസിംഗ് ധോണി, 2007 ലെ കന്നി ടി-20 ലോകകപ്പ് നേട്ടം, സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ള ഇതിഹാസങ്ങള്‍.. ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്, ടെന്നിസില്‍ ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും അവരുടെ ഡബിള്‍സ് നേട്ടങ്ങളും , സാനിയ മിര്‍സയുടെ യാത്ര, ബാഡ്മിന്റണില്‍ പ്രകാശ് പദുകോണും പി.വി സിന്ധുവും സൈന നെഹ്‌വാളും, ട്രാക്കില്‍ പി.ടി ഉഷയും സംഘവും അങ്ങനെ നേട്ടക്കാര്‍ നിരവധി. ഈയിടെ സമാപിച്ച ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വലിയ നേട്ടങ്ങള്‍ രാജ്യം സ്വന്തമാക്കി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ്, കോമണ്‍വെല്‍ത്തില്‍ മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും മുരളി ശ്രീശങ്കറും മെഡല്‍പ്പട്ടികയില്‍ വന്നു. ട്രിപ്പിള്‍ ജമ്പില്‍ 17 മീറ്റര്‍ എന്ന ദൂരം പിന്നിടാനായി. എന്നിട്ടും 75 ലെ കായിക യാത്രയില്‍ ലോകതലത്തില്‍ നോക്കുമ്പോള്‍ നമ്മള്‍ പിറകില്‍ തന്നെയാണ്. ഒളിംപിക്‌സ് വേദികളിലും ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത്് ഗെയിംസ് തുടങ്ങി രാജ്യാന്തര വേദികളില്‍ പിറകില്‍ തന്നെ. കാല്‍പ്പന്തില്‍ ഇപ്പോഴും ഒരു ലോകകപ്പ് സാന്നിദ്ധ്യമെന്നത് വിദൂര സ്വപ്‌നം മാത്രം. ഹോക്കിയില്‍ പണ്ടത്തെ കീര്‍ത്തിയൊന്നുമില്ല. സമീപകാലത്തെ വലിയ നേട്ടം ടോക്കിയോ ഒളിംപിക്‌സിലെ വെങ്കലം മാത്രം. 2018 ലെ ഗോള്‍ഡന്‍ കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ മൂന്നാമത് വന്നപ്പോള്‍ ബിര്‍മിംഗ്ഹാമിലത് നാലാം സ്ഥാനമായി. വലിയ വേദിയില്‍ മല്‍സരിക്കുമ്പോള്‍ അനുഭവസമ്പത്ത് മുഖ്യ ആയുധമാണ്. അത് നേടിവരുകയാണ് നിലവില്‍ നമ്മള്‍. നല്ല കുറെ താരങ്ങള്‍ വരുന്നുണ്ട്. ആത്മവിശ്വാസപാതയില്‍ ബഹുദൂരം നമ്മള്‍ മുന്നേറിയിരിക്കുന്നു. അപ്പോഴും ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ തൂലോം പിറകില്‍ തന്നെ. മുന്നോട്ടുള്ള കാല്‍വെപ്പിന് കൂടുതല്‍ ഊര്‍ജ്ജം വേണം. 75 ന്റെ കരുത്തില്‍ അത് നേടാനാവണം.
കായികാധികാരികള്‍ അതിനായി മുന്നിട്ടിറങ്ങണം. പ്ലാറ്റിനം ആഘോഷത്തിലും ലോകത്തെ ഏറ്റവും ജനപ്രിയ കായിക രൂപമായ ഫുട്‌ബോളിലാണ് ഇന്ത്യ എവിടെയുമെത്താത്തത്. തൊട്ടരികിലുള്ള ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോഴും ഇന്ത്യ കാഴ്ച്ചക്കാരുടെ റോളിലാണ്. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ സെമി വരെ കളിച്ചിരുന്നു ഇന്ത്യന്‍ ഫുട്‌ബോളെങ്കില്‍ അതിന് ശേഷം ഇത് വരെ അത്തരത്തിലൊരു നേട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ എത്തിയിട്ടില്ല. രണ്ട് തവണ ഏഷ്യന്‍ ഗെയിംസില്‍ ഒന്നാമന്മാരായി. സമീപകാലത്തായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ അരംഭിച്ചതിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ സമീപനം മാറിയിട്ടുണ്ട്. അപ്പോഴും ഫിഫ റാങ്കിംഗില്‍ ഇന്ത്യ ഇപ്പോഴും 100 നരികിലാണ്.