കന്‍സാസ് സിറ്റി: യു.എസില്‍ ഇന്ത്യന്‍ പൗരനായ എഞ്ചിനീയറെ യു.എസ് പൗരന്‍ വെടിവെച്ചു കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കന്‍സാസ് സിറ്റിയിലെ ഒലാതെയില്‍ ഹൈദരാബാദുകാരനായ ശ്രീനിവാസ് കുച്ചിഭോത്‌ല(32)യാണ് കൊല്ലപ്പെട്ടത്. ജി.പി.എസ് ടെക്‌നോളജി കമ്പനിയായ ഗാര്‍മിനില്‍ എഞ്ചിനീയറാണ് ഇദ്ദേഹം. സംഭവത്തില്‍ യു.എസ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി ആഡം പുരിന്റ്യോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസിന്റെ ഇന്ത്യയ്ക്കാരനായ സുഹൃത്ത് അലോക് മദസാനി, യു.എസ് പൗരനായ ഇയോന്‍ ഗ്രില്ലോട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച രാത്രി നഗരത്തിലെ ബാറിലായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെ, ‘എന്റെ രാജ്യത്തു നിന്നു പുറത്തു പോകൂ’ എന്ന് ആക്രോശിച്ച് ആഡം ശ്രീനിവാസനു നേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു കാരണവുമില്ലാതെ അക്രമി ഇന്ത്യയ്ക്കാര്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്ന് അലോകിന്റെ അച്ഛന്‍ ജഗ്മോഹന്‍ പറയുന്നു. വാറങ്കല്‍ സ്വദേശിയായ അലോകും ശ്രീനിവാസന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അലോകിന്റെ തുടയിലാണ് വെടിയേറ്റത്. ഇദ്ദേഹം അപകട നില തരണം ചെയ്തതായി ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. വെടിവെപ്പ് തടയുന്നതിനിടെയാണ് ബാറിലുണ്ടായിരുന്ന ഇയോന്‍ ഗ്രില്ലോട്ടിന് വെടിയേറ്റത്.
സംഭവത്തില്‍ യു.എസ് അധികൃതരെ വിദേശകാര്യമന്ത്രാലയം ആശങ്കയറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നടുങ്ങിപ്പോയെന്നായിരുന്നു വകുപ്പ്് മന്ത്രി സുഷമ സ്വരാജിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
മരിച്ചയാളുടെയും പരിക്കേറ്റയാളുടെയും കുടുംബത്തിന് എല്ലാ സഹയവും പിന്തുണയും നല്‍കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. സംഭവം നടന്നയുടന്‍ തന്നെ ഹൂസ്റ്റണിലുള്ള ഇന്ത്യന്‍ പ്രതിനിധി കന്‍സാസ് സിറ്റിയിലെത്തി എല്ലാ സഹായവും ചെയ്തിരുന്നെന്ന് അദ്ദേഹം പറഞ്ഞു.