X
    Categories: CultureViews

ഗ്രീന്‍ കാര്‍ഡ് ബാക്ക്‌ലോഗ്: അമേരിക്കയിലുടനീളം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ റാലി

വാഷിങ്ടണ്‍: ദീര്‍ഘകാലമായുള്ള ഗ്രീന്‍ കാര്‍ഡ് തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരായ പ്രൊഫഷണലുകള്‍ അമേരിക്കയിലുടനീളം റാലികള്‍ സംഘടിപ്പിച്ചു. ഓരോ രാജ്യക്കാര്‍ക്കും പരിധി വെച്ച് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന സംവിധാനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വിവിധ നഗരങ്ങളില്‍ മാര്‍ച്ച് അരങ്ങേറിയത്. അമേരിക്കയില്‍ സ്ഥിര തമാസത്തിന് ലഭിക്കുന്ന അനുമതി പത്രമാണ് ഗ്രീന്‍ കാര്‍ഡ്.

കുടിയേറ്റക്കാരെ നിയന്ത്രിക്കാനെന്ന പേരില്‍ ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന പുതിയ നിയന്ത്രണം എച്ച് 1 ബി വര്‍ക്ക് വിസക്കാരായ ഇന്ത്യക്കാരെയാണ് സാരമായി ബാധിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസ, പ്രൊഫഷണല്‍ യോഗ്യതയുള്ള ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരതമാസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കുക എന്നത് ഇതോടെ ദുഷ്‌കരമായി. ഗ്രീന്‍കാര്‍ഡ് അനുവദിക്കുമ്പോള്‍ ഓരോ രാജ്യത്തിനും ഏഴ് ശതമാനം ക്വാട്ട ഏര്‍പ്പെടുത്തിയതാണ് യു.എസ്സിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സമൂഹങ്ങളിലൊന്നായ ഇന്ത്യക്കാരെ ബാധിച്ചത്.

തൊഴില്‍ അടിസ്ഥാനമാക്കി ഗ്രീന്‍കാര്‍ഡിനായി അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്കെതിരെ വിവേചനപരമായ പുതിയ കുടിയേറ്റ നിയമം ഭേദഗതി ചെയ്യാന്‍ അമേരിക്കന്‍ പൊതുസമൂഹം തയ്യാറാവണമെന്ന് സീറ്റില്‍ ആസ്ഥാനമായുള്ള ജി.സി.റിഫോംസ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, അമേരിക്കന്‍ പൊതുജനം എന്നിവരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടു വരുന്നതായും യു.എസ് സാമ്പത്തിക രംഗത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ മൂന്നു ലക്ഷത്തിലേറെ ഉന്നത കഴിവുള്ള ഇന്ത്യക്കാരാണ് ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നതെന്നും ജി.സി.റിഫോംസിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഫിസിഷ്യന്‍മാര്‍, എഞ്ചിനിയര്‍മാര്‍, അധ്യാപകര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് കുടിയേറിയ വിദഗ്ധ തൊഴിലാളികളാണ് നിലവില്‍ വന്‍ ബുദ്ധിമുട്ട് നേരിടുന്നത്. ട്രംപ് ഭരണകൂടത്തിന്റെ നയം ഇന്ത്യന്‍ വര്‍ക്ക്‌ഫോഴ്‌സിനെ ആശ്രയിക്കുന്ന നിരവധി കമ്പനികളെയും സാരമായി ബാധിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: