ന്യൂഡല്‍ഹി: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കുന്നതിന്റെ സാധ്യതകള്‍ തേടി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങും വെങ്കയ്യനായിഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നാളെ കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു രാഷ്ട്രീയകക്ഷികളുമായി സംസാരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതിനു പിന്നാലെയാണ് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ പ്രതിപക്ഷവുമായി ആശയവിനിമയം നടത്തുന്നത്.
ഇരുവര്‍ക്കും പുറമേ, അരുണ്‍ ജെയ്റ്റ്‌ലിയാണ് സമിതിയിലുള്ളത്. സോണിയക്കു പുറമേ, സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ജൂലൈ 25നാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്. വിഷയത്തില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്നു. ജൂണ്‍ 23ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി 25ന് യു.എസിലേക്കു പോകുന്നുണ്ട്. ഇതിനു മുമ്പ് പത്രിക നല്‍കാനാണ് ബി.ജെ.പി ആലോചിക്കുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, താവര്‍ ചന്ദ് ഗെലോട്ട്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഗവര്‍ണര്‍മാരായ ദ്രൗപതി മുര്‍മു, നജ്മ ഹെപ്ത്തുല്ല, പി.സദാശിവം എന്നിവരുടെ പേരുകളാണു പ്രധാനമായും ബി.ജെ.പി പട്ടികയിലുള്ളത്. മറ്റു കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം ബി.ജെ.പി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. ജൂലൈ 17നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഈ മാസം 28 ആണ്. വോട്ടെണ്ണല്‍ ജൂലൈ 20നു നടക്കും.