X

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് മാത്രം

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ഉറപ്പിക്കാനാവുന്നത് ഒരേയൊരു വോട്ട് മാത്രം. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റേതാണ് ആ വോട്ട്. നാളെ നിയമസഭ മന്ദിരത്തിലാണ് കേരളത്തില്‍ നിന്നുളള എംഎല്‍എമാര്‍ വോട്ട് ചെയ്യുക. 139 എംഎല്‍എ മാര്‍,20 ലോകസഭ അംഗങ്ങള്‍,9 രാജ്യസഭ അംഗങ്ങള്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് വോട്ട് ചെയ്യുന്നവര്‍ മൊത്തം 169 പേര്‍. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം 152 ആണ്.
എംഎല്‍എ മാരുടെ മൊത്തം വോട്ടിംഗ് മൂല്യം 21128 ഉം.29 എംപിമാരുടെ മൊത്തം വോട്ടിംഗ് മൂല്യം 41,812.എല്‍ഡിഎഫും യുഡിഎഫും യുപിഎ സ്ഥാനാര്‍ത്ഥി മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ കേരളത്തില്‍ എന്‍ഡിഎക്ക് വലിയ പ്രതീക്ഷയില്ല. ബിജെപി എംഎല്‍എ ഒ.രാജഗോപാലിന്റ വോട്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദന് നിലവില്‍ ഉറപ്പിക്കാനാവുന്നത്. വേങ്ങര മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്തതിനാല്‍ യുപിഎക്ക് ഉറപ്പിക്കാമായിരുന്ന ഒരു വോട്ടും നഷ്ടമാവും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവുക.

അതുകൊണ്ട് തന്നെ ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപിക്കും ലോകസഭയിലെ ആംഗ്ലോഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേക്കും നിയമസഭയിലെ ആംഗ്ലോഇന്ത്യന്‍ പ്രതിനിധി ജോണ്‍ ഫെര്‍ണാണ്ടസിനും വോട്ടില്ല. മൂവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരാണ്. ജെഡിയു ദേശീയ തലത്തില്‍ കോവിന്ദിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ജെഡിയു മീരാകുമാറിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുളളത്. അതേ സമയം സംസ്ഥാനത്ത് നിന്ന് ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റ അവകാശവാദം.

കേരളത്തിലെ എംഎല്‍എമാര്‍ നിയമസഭ മന്ദിരത്തിലും എംപിമാര്‍ പാര്‍ലമെന്റിലുമാണ് വോട്ട് ചെയ്യുക.നിയമസഭാ മന്ദിരത്തില്‍ തയ്യാറാക്കുന്ന പ്രത്യേക ബൂത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ബാലറ്റ്‌പെട്ടി ഡല്‍ഹിയിലേക്ക് അയക്കും.

chandrika: