ന്യൂഡല്‍ഹി:രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞടുക്കപ്പെട്ടു. ഉപരാഷ്ട്രപതി സ്ഥാനത്ത് ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് ജയം. 516 (68%) വോട്ടുകള്‍ നേടിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തോല്‍പ്പിച്ചത്.
ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244( 32%) ലഭിച്ചു. പതിനൊന്ന് വോട്ടുകള്‍ അസാധുവായി. രാവിലെ പത്തുമുതല്‍ അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പില്‍ 785 എംപിമാരില്‍ 771 പേര്‍ വോട്ടു ചെയ്തു. 14 എം പിമാര്‍ വോട്ടു ചെയ്യാനെത്തിയില്ല. ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.