ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാനാണെന്ന കേന്ദ്ര സര്‍ക്കാറിന്റെ അവകാശ വാദം പൊളിയുന്നു. നോട്ട് അസാധുവാക്കലിന് ശേഷവും രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടില്‍ വന്‍ ഇടിവെന്ന് രേഖകള്‍. റിസര്‍വ് ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ കുറയുന്നതായി പറയുന്നത്.
ഫെബ്രുവരിയിലെ ഡിജിറ്റല്‍ പണമിടപാടുകള്‍ എണ്ണത്തിലും, തുകയിലും ജനുവരിയേക്കാള്‍ പിന്നിലാണെന്നാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 115 ട്രില്യണ്‍ രൂപ മൂല്യമുള്ള ഇടപാടുകളാണ് ഫെബ്രുവരിയില്‍ നടന്നത്. ജനുവരിയില്‍ ഇത് 131 ട്രില്യന്‍ രൂപയായിരുന്നു. ഫെബ്രുവരിയില്‍ 1.09 ബില്യണ്‍ ഇടപാടുകളാണ് നടന്നതെങ്കില്‍ ജനുവരിയില്‍ ഇത് 1.12 ബില്യണ്‍ ആയിരുന്നു.
ക്രെഡിറ്റ് കാര്‍ഡ്, ഡബിറ്റ് കാര്‍ഡ്, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ കണക്കാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പണമിടപാടുകളില്‍ നിന്നും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറ്റുകയാണ് നോട്ട് നിരോധനത്തിന്റെ മുഖ്യ ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടത്. ഇതിനു പുറമെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി കോടികള്‍ ചെലവിട്ടുള്ള പരസ്യങ്ങളും പ്രചാരണങ്ങളുമാണ് സര്‍ക്കാര്‍ നടത്തിയത്.
വേഗത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി മോദി സര്‍ക്കാര്‍ ബീം ആപ്പ് പോലുള്ള സംവിധാനങ്ങളും ആരംഭിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും ലക്ഷ്യത്തിലെത്തിയില്ലെന്ന് തെളിയിക്കുന്നതാണ് ആര്‍.ബി.ഐ പുറത്തു വിട്ട റിപ്പോര്‍ട്ടുകള്‍.