ബംഗളൂരു: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞാല്‍ അവ സ്വയം നന്നാക്കാന്‍ കഴിയുന്ന പ്രത്യേക മിശ്രിതവുമായി ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പ്രൊഫസര്‍ രംഗത്ത്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസര്‍ നേംകുമാര്‍ ബാന്ത്യയാണ് അപൂര്‍വമായ ടാറിങ് സംവിധാനം പരിചയപ്പെടുത്തുന്നത്. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ തൊണ്ടേഭാവി ഗ്രാമത്തില്‍ നേംകുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം റോഡുകള്‍ നിര്‍മിച്ചതായാണ് വിവരം. ചെലവു കുറഞ്ഞ ഈ രീതി ഉപയോഗിച്ച് ഗ്രാമത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന 650 മീറ്റര്‍ റോഡ് ഇതിനകം പണികഴിപ്പിച്ചു. സിമന്റ്, ഫ്‌ളൈആഷ്, ഫൈബര്‍ കൂട്ട് എന്നിവ സമിശ്ര അളവില്‍ കോണ്‍ക്രീറ്റുമായി യോജിപ്പിച്ച് 100 എംഎം കട്ടിയിലിട്ടാണ്് നിര്‍മാണം. നാനോ മിശ്രിതം കാരണം റോഡ് പൊട്ടിപ്പൊളിഞ്ഞാലും അറ്റകുറ്റപണി എളുപ്പമാക്കുന്നു. വെള്ളത്തെ ആകര്‍ഷിച്ച് ഈ മിശ്രിതം റോഡിനു അനുകൂലമാക്കുന്നതോടെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നു. ഇത് പതിനഞ്ചു വര്‍ഷമെങ്കിലും കേടുകൂടാതെ നിലകൊള്ളുമെന്നാണ് നേംകുമാര്‍ അവകാശപ്പെടുന്നത്.
പഞ്ചായത്ത് അധികൃതരുടെയും ഗ്രാമവാസികളുടെയും സഹായത്തോടെയാണ് റോഡ് നിര്‍മാണം പുരോഗമിക്കുന്നത്. സാധാരണ നിര്‍മാണ ചെലവിനെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ കുറവാണ് ഈ മിശ്രിതം ഉപയോഗിച്ചുള്ള നിര്‍മാണത്തിന് വേണ്ടിവരുന്നത്. കാനഡയിലും സമാനമായ രീതിയില്‍ റോഡ് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നേംകുമാര്‍.
Watch video: