ന്യൂഡല്‍ഹി: ചൈനയില്‍ അവസാന വര്‍ഷ എം.ബി.ബി. എസിന് വിദ്യാര്‍ഥിയായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. രോഗം മൂലമാണ് 22 കാരനായ അബ്ദുല്‍ ശൈഖിന്റെ മരണം. സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള ഇദ്ദേഹത്തിന്റെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കയാണ്. കോഴ്‌സിന്റെ ഭാഗമായി ചൈനയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു അബ്ദു ല്‍ ശൈഖ്. അടുത്തിടെ ഇന്ത്യയില്‍ വന്ന ശേഷം ഡിസംബര്‍ 11 ന് വീണ്ടും ചൈനയിലേക്ക് മടങ്ങിയിരുന്നു.
എട്ടു ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ക്വിക്വിഹാര്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. പെട്ടെന്ന് രോഗബാധിതനായ ഇദ്ദേഹത്തെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായവും കുടുംബം തേടിയിട്ടുണ്ട്.