റസാഖ് ആദൃശ്ശേരി
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്നു ലോക പത്രസ്വാതന്ത്ര്യ ദിനമായ എല്ലാ മെയ് 3 നും പുറത്തിറക്കുന്ന വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു. ഇന്ത്യയുടെ പത്രസ്വാതന്ത്ര്യ റാങ്കിംഗ് കഴിഞ്ഞ വര്‍ഷം 142 ല്‍ നിന്ന് 150 ലേക്ക് താഴ്ന്നു. 180 രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡര്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഓരോ വര്‍ഷവും ശരാശരി മൂന്നോ നാലോ പത്രപ്രവര്‍ത്തകര്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ടു രാജ്യത്ത് കൊല്ലപ്പെടുന്നുണ്ടെന്നും അതിനാല്‍തന്നെ മാധ്യമങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും വിലയിരുത്തുന്നു. ഹിന്ദു ദേശീയ വലതുപക്ഷത്തിന്റെ ആള്‍രൂപമായ നരേന്ദ്ര മോദിയുടെ ഭരണം ആരംഭിച്ച 2014 മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമവും മാധ്യമങ്ങളോട് ഭരണകൂടത്തിന്റെ രാഷ്ട്രീയ പക്ഷപാതപരമായുള്ള സമീപനവുമെല്ലാം പത്രസ്വാതന്ത്ര്യത്തെ പ്രതിസന്ധിയിലാക്കി. ഇന്ത്യയില്‍ 36,000 വാരികകളും 380 ടിവി വാര്‍ത്താചാനലുകളും ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പത്രങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഈ മാധ്യമ സ്ഥാപനങ്ങളില്‍ പലതും നിലനില്‍പ്പിനായി പോരാടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. പൊലീസ് അക്രമം ഉള്‍പ്പെടെ എല്ലാത്തരം ശാരീരിക അതിക്രമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആക്രമണത്തിനും ക്രിമിനല്‍ ഗ്രൂപ്പുകളുടെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും മാരകമായ പ്രതികാരത്തിനും മാധ്യമ പ്രവര്‍ത്തകര്‍ വിധേയരായികൊണ്ടിരിക്കുന്നു. ഹിന്ദു തീവ്രവലതുപക്ഷ പ്രത്യയശാസ്ത്രമായ ‘ഹിന്ദുത്വ’യെ പിന്തുണക്കുന്നവര്‍ അവരുടെ ചിന്താഗതിക്ക് വിരുദ്ധമായ ഏതൊരു വീക്ഷണത്തിനും നേരെ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ നടത്തുന്നു. വിദ്വേഷത്തിന്റെയും കൊലപാതകത്തിനായുള്ള ആഹ്വാനങ്ങളുടെയും ഭയാനകമായ ക്യാമ്പയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി സംഘടിപ്പിക്കുന്നു. വനിതാമാധ്യമ പ്രവര്‍ത്തകരെ ടാര്‍ഗറ്റ് ചെയ്യുന്നു. അവരുടെ സ്വകാര്യതകള്‍ വരെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് അപമാനിക്കാന്‍ ശ്രമിക്കുന്നു. കശ്മീരിലെ സ്ഥിതി ഇപ്പോഴും വളരെ ആശങ്കാജനകമാണ്. അവിടെ റിപ്പോര്‍ട്ടര്‍മാരെ പലപ്പോഴും പൊലീസും അര്‍ധ സൈനികരും ഉപദ്രവിക്കുന്നു. ചിലര്‍ വര്‍ഷങ്ങളോളം ‘താല്‍ക്കാലിക തടങ്കലിനു’ വിധേയരാകുന്നു എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളേറെയുണ്ട്.
ഒരു കാലത്ത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും നല്ല ഭൂമികയായിരുന്നു ഇന്ത്യ. ജനാധിപത്യത്തിന്റെ നാലാം സ്തംഭം എന്ന വിശേഷണത്തിനര്‍ഹമായ മാധ്യമങ്ങളെ സമകാലിക ഇന്ത്യയില്‍ ഭരണകൂടം തങ്ങളുടെ അധീനതയിലാക്കാന്‍ ശ്രമിക്കുന്നു. ഭരണം നേടിയെടുക്കുന്നതിനു വേണ്ടി ജനാധിപത്യ ധ്വംസനത്തിന്റെ വിവിധ മാര്‍ഗങ്ങള്‍ സംഘ്പരിവാര്‍ സ്വീകരിക്കുമ്പോള്‍ അതിന്റെ പ്രചാരണത്തിനായി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബറില്‍, അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നടന്ന ഒരക്രമ സംഭവത്തോടു ത്രിപുരയിലുണ്ടായ പ്രതികരണം ഏറെ ഭയാനകമായിരുന്നു. സംഘ് പരിവാര്‍ ഏകദേശം 250 റാലികള്‍ സംഘടിപ്പിക്കുകയും മുസ്‌ലിം സമുദായത്തിന്റെ പള്ളികളും വീടുകളും കടകളും കത്തിക്കുകയും ചെയ്തു. ഇതിലൂടെ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി സമുദായ ധ്രുവീകരണത്തിന് ശ്രമിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരും വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. നിര്‍ബന്ധപൂര്‍വം മാധ്യമങ്ങളെയും വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയും തങ്ങള്‍ക്കനുകൂല പ്രചരണത്തിനു ഉപയോഗപ്പെടുത്തി.
ത്രിപുര സര്‍ക്കാരിന്റെ ഈ നടപടികള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനു തയ്യാറായ മാധ്യമങ്ങളെ പല രീതിയിലും വിലക്കുകയുണ്ടായി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി അത് വിലയിരുത്തപ്പെട്ടു. അക്രമം നടന്ന സ്ഥലങ്ങളില്‍ നിന്ന് ട്വീറ്റ് ചെയ്തതിനും റിപ്പോര്‍ട്ട് ചെയ്തതിനും രണ്ടു വനിതാ റിപ്പോര്‍ട്ടര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന മാധ്യമ പ്രവര്‍ത്തകരെ പോലും പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവങ്ങള്‍ വരെയുണ്ടായി. രാജ്യത്ത് സര്‍ക്കാരിന്റെ ഇംഗിതത്തിനു കൂട്ടുനില്‍ക്കാത്ത മാധ്യമങ്ങളെ സ്വാധീനിക്കാന്‍ പല ശ്രമങ്ങളും നടത്തുന്നു. അതിനു സാധ്യമായില്ലെങ്കില്‍ ആ സ്ഥാപനത്തെ തകര്‍ക്കാനാണ് പിന്നീടുള്ള ശ്രമം. ഗവണ്‍മെന്റ് പരസ്യങ്ങള്‍ നല്‍കാതെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുക, പല രീതിയിലും ഭീഷണിപ്പെടുത്തുക, പൊലീസിനെയും സര്‍ക്കാര്‍ ഏജന്‍സികളെയും ഉപയോഗിച്ച് സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യുക, വ്യാജ കാരണങ്ങളാല്‍ പത്രമോ ചാനലോ പ്രസിദ്ധീകരിക്കുന്നത് തടയുക തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ അതിനായി സ്വീകരിക്കുന്നു.
മാധ്യമങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് സാമ്പത്തികമാണ്. നിലനില്‍പ്പിനായി സര്‍ക്കാര്‍ പരസ്യങ്ങളെ പിന്തുടരാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമ സ്ഥാപനങ്ങള്‍ കടുത്ത വെല്ലുവിളി അഭിമുഖീകരിക്കുന്നു. ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗീയതയിലധിഷ്ഠിതമായ ഭൂരിപക്ഷവാദം ഉയര്‍ത്തിപ്പിടിക്കുകയല്ലാതെ രക്ഷയില്ലയെന്നു വന്നിരിക്കുന്നു. അതിനു തയ്യാറല്ലെങ്കില്‍ സ്ഥാപനം അടച്ചിടേണ്ട സ്ഥിതിയാണുള്ളത്. അത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നല്‍കില്ല. സര്‍ക്കാരിന്റെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ പരസ്യങ്ങളില്ലാതെ മറ്റു പരസ്യങ്ങള്‍ കൊണ്ടുമാത്രം ഒരു സ്ഥാപനത്തിനു നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഗവണ്‍മെന്റ് പരസ്യങ്ങള്‍ എടുക്കാന്‍ മാധ്യമ ഉടമകള്‍ നിര്‍ബന്ധിതരാവുകയും അങ്ങനെ സര്‍ക്കാരിനു ഓശാന പാടേണ്ടിവരുകയും ചെയ്യുന്നു.
2016ലെ നോട്ടു നിരോധനത്തിനു ശേഷമുള്ള സാമ്പത്തിക മാന്ദ്യം വായനക്കാരെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും പരസ്യമേഖലയില്‍ നിന്ന് അകറ്റിയത് ഇന്ത്യന്‍ മാധ്യമങ്ങളുടെ ദുരിതം അധികരിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധിയും തുടര്‍ന്നുള്ള ലോക്ഡൗണും വ്യവസായത്തെ കൂടുതല്‍ സ്തംഭിപ്പിച്ചു. ഇക്കാലയളവില്‍ ഡിജിറ്റല്‍ പതിപ്പുകള്‍ വിജയിച്ചുവെങ്കിലും അച്ചടി മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ വിരളമായിത്തീര്‍ന്നു. ഇതു സര്‍ക്കാരിനെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണമായി. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്) പ്രിന്റ് മീഡിയയില്‍ 2020ല്‍ 16,000 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. എന്നാല്‍ ഈ നഷ്ടം നികത്താന്‍ സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു മാധ്യമങ്ങള്‍. ഗാന്ധിയും നെഹ്‌റുവും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും പിന്നീട് ഭരണഘടനാധിഷ്ഠിത സമൂഹം സൃഷ്ടിക്കുന്നതിനെക്കുറിച്ചും ജനങ്ങളില്‍ അവബോധം പ്രചരിപ്പിക്കാന്‍ പത്രങ്ങളുടെ പേജുകള്‍ ഉപയോഗിച്ചു.
ജനാധിപത്യത്തിന്റെ മറ്റു സ്തംഭങ്ങളില്‍നിന്ന് വ്യത്യസ്തമായി നാലാമത്തെ തൂണായ മാധ്യമങ്ങളെ അവര്‍ സ്വകാര്യമേഖലയില്‍ സ്ഥാപിച്ചു. അത് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നു അകറ്റിനിര്‍ത്താനും അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനും അവര്‍ തയ്യാറായി. എന്നാല്‍ അതെല്ലാം ഇപ്പോള്‍ മറന്നു. കോര്‍പറേറ്റ് പരസ്യങ്ങള്‍ പോലും ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായി. സര്‍ക്കാരിനോടു ശത്രുതയുള്ളതായി കാണുന്ന ഒരു പത്രത്തിലോ മാസികയിലോ ചാനലിലോ പരസ്യം നല്‍കാന്‍ ഒരു കമ്പനിയും ധൈര്യപ്പെടുന്നില്ല. ഈ മേഖലയില്‍ ആയിരങ്ങളാണ് ജോലി ചെയ്യുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മാധ്യമ രംഗത്തും പ്രസിദ്ധീകരണ രംഗത്തും ഉണ്ടായിരുന്ന 78 ശതമാനം പേര്‍ക്കും ജോലി നഷ്ടപ്പെട്ടതായി കണ്ടെത്തി. പക്ഷേ, ഇതൊന്നും സര്‍ക്കാര്‍ കാര്യമാക്കുന്നില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യമായ മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ സര്‍ക്കാരിന്റെ പിന്തുണ കൂടിയെ തീരൂ. ഒപ്പം ഭരണകൂടം അവരുടെ താല്‍പര്യ സംരക്ഷണത്തിനുതകും വിധം പൊതുസമ്മതി തീര്‍ക്കാന്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും പിന്തിരിഞ്ഞു രാജ്യത്ത് പത്രസ്വാതന്ത്ര്യം അനുവദിക്കണം. എങ്കില്‍ മാത്രമെ ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുകയുള്ളു.