X
    Categories: Views

മതേതര ഇന്ത്യയുടെ ഹരിതശോഭയായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് എഴുപത് വയസ്സ്

എം.സി വടകര

ചരിത്രം ചെവിയോര്‍ത്തു നിന്ന മുസ്‌ലിം ലീഗിന്റെ രൂപീകരണ സമ്മേളനം 1948 മാര്‍ച്ച് 10-ാം തീയതി രാവിലെ 10 മണിക്ക് തന്നെ മദ്രാസിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അഥവാ ഇപ്പോഴത്തെ രാജാജി ഹാളില്‍ ആരംഭിച്ചു. 147 പേരാണ് ഇതില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേര്‍ മാത്രമാണ് പങ്കെടുത്തത്.

എ.കെ ജമാലി സാഹിബ് പ്രാര്‍ത്ഥന നടത്തി. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആധ്യക്ഷ്യം വഹിച്ചു. വന്ദ്യവയോധികനും സ്വാതന്ത്ര്യസമരനായകനും വീരവിപ്ലവകാരിയുമായ മൗലാനാ ഹസ്‌റത്ത് മോഹാനി ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിച്ചു. മദ്ധ്യപ്രദേശില്‍ നിന്ന് സംസ്ഥാന മുസ്‌ലിംലീഗ് അദ്ധ്യക്ഷന്‍ സയ്യിദ് അബ്ദുല്‍ റഊഫ് ഷാ, ബോംബെയില്‍ നിന്ന് അവിടത്തെ മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ എ.എ. ഖാന്‍ സാഹിബ്, ഹസനലി പി. ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ഹാഫിസ്‌ക്ക എന്നിവരും പങ്കെടുത്തു. ”പാസ്്ബാന്‍” ഉര്‍ദുപത്രത്തിന്റെ എഡിറ്റര്‍ ഇസ്മായില്‍ തബീഷ് ആയിരുന്നു ബാംഗ്ലൂരിന്റെ പ്രതിനിധി. കുടകില്‍ നിന്ന് കൂര്‍ഗ് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് മജീദ്ഖാന്‍, ഹാജി ഹബീബുല്ല, മുഹമ്മദ് ഇസ്മായില്‍ (സമര്‍ക്കോട്) എന്നിവരും എത്തിച്ചേര്‍ന്നു. ബാക്കിയുള്ളവരില്‍ അബ്ദുസത്താര്‍ സേട്ട് സാഹിബ്. കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബ്, ബി. പോക്കര്‍ സാഹിബ്, കെ.എം. സീതി സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍, എന്‍.എം. അന്‍വര്‍, പി.കെ. മൊയ്തീന്‍കുട്ടി, എം. അഹമ്മദ് മൊയ്തീന്‍, മുഹമ്മദ് റസാഖാന്‍, പി.പി. ഹസ്സന്‍കോയ മുതലായവര്‍ ഉള്‍പ്പെടുന്നു.

ഖാഇദെമില്ലത്ത് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റന്‍ പ്രഭുവുമായും പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുമായും നടത്തിയ സംഭാഷണങ്ങളുടെ വിശദ വിവരങ്ങള്‍ നല്‍കി. മഹാത്മാഗാന്ധിയുടെ ചരമത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മാറിയ പരിതസ്ഥിതിയില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം എന്ന ഔദ്യോഗിക പ്രമേയം മലബാറില്‍ നിന്നുള്ള പി.കെ. മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. 10 മണിക്കൂര്‍ നീണ്ടുനിന്നു ഈ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ച. അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങള്‍കൊണ്ട് രാജാജി ഹാള്‍ ശബ്ദായമാനമായി.

37 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു.

മദിരാശിയില്‍ നിന്നെത്തിയവരില്‍ 13 പേരും ബാംഗ്ലൂര്‍, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍നിന്നുള്ള 4 പേരും മദ്ധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയില്‍ മുസ്‌ലിംലീഗ് നിലനിര്‍ത്തിയവര്‍. മൗലാനാ ഹസ്‌റത്ത് മോഹാനി പ്രമേയത്തെ അനുകൂലിക്കാതിരുന്നത് നിര്‍ഭാഗ്യകരമായി. സ്വാതന്ത്ര്യസമരത്തിലെ ഈ വീരസിങ്കം സജീവ രാഷ്ട്രീയത്തില്‍നിന്നുതന്നെ പിന്‍വാങ്ങുകയായിരുന്നു. റഫീഉദ്ദീന്‍ അഹമ്മദ് അന്‍സാരി (നെല്ലൂര്‍), എം.എ. സലാം (ഗുണ്ടൂര്‍), മുഹമ്മദ് ഇസ്മായില്‍ (സമര്‍ക്കോട്), അത്താവുല്ലാ സാഹിബ് (സേലം), ചിന്നക്കാസിയാര്‍ (രാംനാട്), പി.പി. ഹസ്സന്‍കോയ (മലബാര്‍) എന്നിവരും പ്രമേയത്തെ അനൂകൂലിച്ചില്ല.

സംഘടനയുടെ പേര് ”ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്” എന്നാക്കി മാറ്റി. ഖാഇദെമില്ലത്ത് എം. മുഹമ്മദ് ഇസ്മായില്‍ സാഹിബ് (പ്രസിഡണ്ട്), മെഹബൂബ് അലി ബേഗ്-വിജയവാഡ (ജനറല്‍ സെക്രട്ടറി), ഹസനലി പി. ഇബ്രാഹിം-ബോംബെ (ഖജാഞ്ചി) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന് ഒരു നിയമാവലി മൂന്ന് മാസത്തിനുള്ളില്‍ തയ്യാറാക്കാന്‍ ഒരു സബ്കമ്മിറ്റിയേയും അധികാരപ്പെടുത്തി.

15 അംഗങ്ങളുള്ള നിയമാവലി നിര്‍മ്മാണ സമിതിയില്‍ 1. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് 2. എം.എം. ഖാന്‍ (എം.എല്‍.എ) 3. ഹസനലി പി. ഇബ്രാഹിം (ബോംബെ) 4. എ.കെ. ഹാഫിസ്‌ക്ക (ബോംബെ) 5. സയ്യിദ് അബ്ദുല്‍ റഊഫ് ഷാ (മധ്യപ്രദേശ്) 6. ഇസ്മായില്‍ താഭിഷ് (എഡിറ്റര്‍, പാസ്ഖാന്‍) 7. ബി. പോക്കര്‍ സാഹിബ് (എം.എല്‍.എ) 8. മെഹബൂബലി ബേഗ് (എം.എല്‍.എ) 9. കെ.ടി.എം. അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍.സി) 10. ഹാജി അബ്ദുസ്സത്താര്‍ സേട്ട് സാഹിബ് (എം.എല്‍.എ സെന്‍ട്രല്‍) 11. ബാരിസ്റ്റര്‍ യൂസഫ് ഷരീഫ്, 12. അബ്ദുല്‍ ഖാദര്‍ ശൈഖ്, 13. പി.കെ. മൊയ്തീന്‍കുട്ടി സാഹിബ്, 14. കെ.എം. സീതിസാഹിബ്, 15. മുഹമ്മദ് റസാഖാന്‍ എന്നിവര്‍ അംഗങ്ങള്‍.

സംഘടനയുടെ പേര് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്നായിരിക്കും.

A) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ആദര്‍ശങ്ങളും ഉദ്ദേശ്യങ്ങളും താഴെ പറയുന്നവയായിരിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യവും അഭിമാനവും നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും സംസ്ഥാപിക്കുന്നതിലും സഹായിക്കുകയും രാഷ്ട്രത്തിലെ ജനങ്ങളുടെ അന്തസ്സും ക്ഷേമവും സുഖവും വര്‍ദ്ധിപ്പിക്കുന്നതില്‍ പരിശ്രമിക്കുകയും ചെയ്യുക.

B) രാഷ്ട്രത്തിലെ മുസ്‌ലിംകളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും എല്ലാ ന്യായമായ അവകാശങ്ങളും താല്‍പര്യങ്ങളും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക.

C) ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റു സമുദായക്കാരുടേയും ഇടയില്‍ പരസ്പരവിശ്വാസവും സന്മനസ്സും സ്‌നേഹവും മതിപ്പും രഞ്ജിപ്പും വളര്‍ത്തുക.

ഈ താല്‍ക്കാലിക ഭരണഘടന അധികനാള്‍ വേണ്ടിവന്നില്ല. നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ ഉപസമിതി പുതിയ നിയമാവലി തയ്യാറാക്കി. 1948 മെയ് 11-ന് അത് മുസ്‌ലിംലീഗ് പ്രസിഡണ്ടിന് സമര്‍പ്പിക്കുകയും ചെയ്തു. 1951 സെപ്തംബര്‍ ഒന്നിന് മദിരാശിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ പുതിയ നിയമാവലി നിസ്സാരമായ ഭേദഗതികളോടെ അംഗീകരിച്ചു.

മുസ്‌ലിംലീഗ് രൂപീകരണ സമ്മേളനത്തിന്റെ മൂന്നാമത്തെ പ്രമേയം അതിന്റെ നയരേഖയും പരിപാടിയുമാണ്. അതിപ്രകാരം:

A) രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭ്യമായിരിക്കയാല്‍ അതിനുശേഷമുള്ള മുസ്‌ലിംലീഗിന്റെ നയം വ്യക്തമാക്കേണ്ടതുള്ളതിനാല്‍ രാജ്യത്തിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും സന്മനസ്സും ഐക്യവും വളര്‍ത്തിക്കൊണ്ടുവരുന്നതിലും ക്ഷേമത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള ജനങ്ങളുടെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതിലും മുസ്‌ലിംലീഗ് ഹൃദയംഗമമായി കൂറോടെ പരിശ്രമിക്കുന്നതാണെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ഈ കൗണ്‍സില്‍ യോഗം പ്രഖ്യാപിക്കുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും പാലിക്കാന്‍ മറ്റു സംഘടനകളും കക്ഷികളുമായി കഴിയുന്ന എല്ലാവിധത്തിലും സഹകരിക്കുവാന്‍ ഈ യോഗം മുസ്‌ലിംകളോട് അഭ്യര്‍ത്ഥിക്കുന്നു.ഇന്ത്യന്‍ യൂണിയനിലെ മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങളെ പരിഗണിക്കുന്നതിലായിരിക്കും മുസ്‌ലിംലീഗ് കാര്യമായും പ്രവര്‍ത്തിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുകയെന്ന് ഈ യോഗം തീരുമാനിക്കുന്നു.

B) ഈ രാഷ്ട്രത്തിന്റെ യുദ്ധാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാനുള്ള ഉദ്ദേശ്യത്തോടുകൂടി താഴെ പറയുന്നവയെ രചനാത്മക പരിപാടികളായി ഈ യോഗം രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ആവശ്യമായ മാറ്റങ്ങളോടുകൂടി ഈ പരിപാടിയെ വിവിധ മുസ്‌ലിംലീഗ് അസംബ്ലി പാര്‍ട്ടികള്‍ അംഗീകരിക്കണമെന്ന് ഈ യോഗം നിര്‍ദ്ദേശിക്കുന്നു. ഈ പരിപാടികളുമായി ഐകരൂപ്യമുള്ളതോ ഏതാണ്ടിത് പോലെയുള്ളതോ ആയ സാമ്പത്തിക പരിപാടികളുള്ള കക്ഷികളുമായി അല്ലെങ്കില്‍ ഗ്രൂപ്പുകളുമായോ വ്യക്തികളുമായോ ഇഷ്ടമുള്ള ഏതെങ്കിലുമൊരു പേരില്‍ ഇതിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി മുസ്‌ലിംലീഗിന് സഹകരിക്കാവുന്നതാണ്.

പരിപാടി

ഭൂമിയും അതിലുള്ള എല്ലാ വസ്തുക്കളും മനുഷ്യവര്‍ഗത്തിന് ദൈവം സൗജന്യമായി നല്‍കിയതാകയാല്‍ അവ തന്റേയും കുടുംബാംഗങ്ങളുടേയും ആശ്രിതന്മാരുടേയും സുഖകരമായ ജീവിതത്തിന് ആവശ്യമായ ഭക്ഷണം, വസ്ത്രം, വാസസ്ഥലം എന്നിവക്ക് വേണ്ടി ഉപയോഗപ്പെടുത്താനും ഏതൊരു മനുഷ്യനും പൂര്‍ണമായ അവകാശവും അവസരവും ഉണ്ടായിരിക്കേണ്ടതും ഉണ്ടായിരിക്കുന്നതുമാണ്. ആകയാല്‍ സമ്പത്തിന്റെ വിതരണത്തില്‍ താഴെപറയുന്ന തത്ത്വങ്ങള്‍ അവലംബിക്കേണ്ടതാണ്.

1. എല്ലാ ഓരോ മനുഷ്യനും തൊഴിലെടുക്കാനുള്ള പൂര്‍ണ സൗകര്യം ഉണ്ടായിരിപ്പാന്‍ ഗവണ്‍മെന്റ് ഏല്‍ക്കേണ്ടതും രോഗം, അംഗഭംഗം, വാര്‍ധക്യം, തൊഴിലില്ലായ്മ, മരണം എന്നീ ഘട്ടങ്ങളില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, ഗവണ്‍മെന്റ് എന്നിവര്‍ നിശ്ചിതമായ ഒരുവീതപ്രകാരം പണമെടുത്ത് സ്വരൂപിക്കപ്പെടുന്ന ഒരു ഫണ്ട് വഴിക്കോ ഇന്‍ഷൂറന്‍സ് വഴിക്കോ സാമൂഹിക സുരക്ഷ നല്‍കേണ്ടതുമാണ്.

2. മനുഷ്യനെ ചൂഷണം ചെയ്യുവാന്‍ ഇടവരുത്തുന്ന വിധത്തില്‍ ധനശേഖരണം സംഭവിക്കാവുന്നതല്ല.
3. ഏത് വിധമായ പലിശയേയും ഗവണ്‍മെന്റ് തടയേണ്ടതാണ്.

4. ഇരുകക്ഷികളുടേയും പൂര്‍ണ്ണ മനസ്സോടും സമ്മതത്തോടും കൂടിയല്ലാത്ത യാതൊരുവിധ കരാറും നീതിപൂര്‍വമാണെന്ന് അംഗീകരിക്കുകയോ നടപ്പില്‍ വരുത്തുകയോ ചെയ്യാവുന്നതല്ല. സന്ദര്‍ഭങ്ങളുടെ നിര്‍ബന്ധംകൊണ്ട് ഉണ്ടായതാണെന്ന് തോന്നുന്ന സമ്മതത്തിന്മേല്‍ ചെയ്യപ്പെടുന്ന ഏതൊരു കരാറിനേയും ഗവണ്‍മെന്റ് തടയേണ്ടതും ദുര്‍ബലപ്പെടുത്തേണ്ടതുമാണ്.

5. സ്വകാര്യ സ്വത്ത് എന്ന സ്ഥാപനം ഗവണ്‍മെന്റ് അംഗീകരിക്കണം. പക്ഷേ, അത് ഒരു ട്രസ്റ്റ് എന്ന നിലയില്‍ മാത്രമായിരിക്കണം. ഉടമസ്ഥനും അദ്ദേഹത്തിന്റെ കുടുംബവും ആശ്രിതന്മാരും തങ്ങളുടെ സുഖകരമായ ജീവിതത്തിന് മാത്രം പ്രഥമ പരിഗണനയുള്ള അനുഭവസ്ഥന്മാരും ബാക്കിയുള്ളതില്‍ അതാത് സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുന്ന പരിതസ്ഥിതികള്‍ക്കനുസരിച്ച് രാഷ്ട്രത്തിലെ ജനങ്ങളെല്ലാം അനുഭവസ്ഥന്മാരായിരിക്കേണ്ടതുമാണ്. എന്നാല്‍ അവശിഷ്ട ധനം രാഷ്ട്രം മറ്റുവിധത്തില്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍, കൂടുതല്‍ ധനമുണ്ടാക്കുവാന്‍ ഉപയോഗിക്കുന്നതിന് ഉടമസ്ഥനെ തടയുവാന്‍ പാടുള്ളതല്ല.

6. അന്യായമായോ നിയമവിരുദ്ധമായ വഴികളില്‍ കൂടിയല്ലാതെ സമ്പാദിച്ച കായികമോ മാനസികമോ ആയ പ്രവര്‍ത്തനഫലം ഒരാളില്‍ നിന്നും എടുത്തുകളയരുത്. ഇതൊന്നിച്ച് പറയുന്ന തത്ത്വങ്ങളുടെ വെളിച്ചത്തില്‍ അന്യായമോ നിയമവിരുദ്ധമോ ആയ വഴികള്‍ ഏതാണെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രമാണ്.

7. ഏത് വിധത്തിലുള്ള ലഹരി സാധനങ്ങളുടെ ഉപയോഗവും ചൂതുകളിയും ചന്തയും രാഷ്ട്രം നിരോധിക്കേണ്ടതാണ്.

8. ഉല്‍പാദന മാര്‍ഗങ്ങളും ധനവും പൂട്ടിയിട്ട് മറ്റുള്ളവരേക്കാള്‍ വേണ്ടുന്നതില്‍ കൂടുതലായ ലാഭം കരസ്ഥമാക്കുന്ന കുത്തക സമ്പ്രദായത്തേയും മറ്റും രാഷ്ട്രം വിരോധിക്കേണ്ടതാണ്.

9. ആളുകളെ ചൂഷണം ചെയ്തും കുത്തക സമ്പ്രദായംകൊണ്ടും പന്തയം വെച്ചും ലഹരി സാധനങ്ങള്‍ ഉണ്ടാക്കിയും വിറ്റും പണം സമ്പാദിക്കുന്നതിനെ രാഷ്ട്രം തടയണം. മാത്രമല്ല ഇത്തരം കുറ്റക്കാരെ ശിക്ഷിക്കുന്നത് കൂടാതെ ഈ വഴികളില്‍ കൂടി അവര്‍ സമ്പാദിച്ച സ്വത്തിനേയും പിടിച്ചെടുക്കേണ്ടതാണ്.

10. ഈ പ്രമാണങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് ഏതു വഴിക്കാണ് ജനങ്ങള്‍ സ്വത്ത് സമ്പാദിച്ചതെന്ന് അറിയുവാന്‍ ഗവണ്‍മെന്റ് അന്വേഷണം നടത്തേണ്ടതില്ല. പക്ഷേ, അത്തരം സ്വത്തുക്കളുടെ വിനിയോഗം മുകളില്‍ 5-ാം ഖണ്ഡികയില്‍ പറഞ്ഞ പ്രകാരം മാത്രം ക്ലിപ്തപ്പെടുത്തേണ്ടതാണ്.

11. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുകളും ഖനികളും മറ്റു സാധനങ്ങളും രാഷ്ട്രത്തിന്റേതായിരിക്കുന്നതാണ്. പക്ഷേ, ഒരാളുടെ കൈവശം മുമ്പുണ്ടായിരുന്ന സ്ഥലം അയാളില്‍ നിന്ന് എടുക്കരുത്. അത് അയാള്‍ക്ക് സ്വന്തം കൃഷിക്കും മറ്റുപയോഗത്തിനും കിട്ടേണ്ടതാണ്. ഭൂമിയുടെ മുകള്‍ പരപ്പില്‍ കണ്ടെത്തുന്ന ഖനികളും ഖനന വസ്തുക്കളും ഉള്ള നിലത്തിന്റെ ഉടമസ്ഥന് പ്രസ്തുത സാധനങ്ങളില്‍ ഒരോഹരിക്കും അര്‍ഹതയില്ല. ഭൂമിയുടെ മുകളില്‍ കണ്ടെത്തുന്ന എല്ലാ ഖനന വസ്തുക്കളും രാഷ്ട്രത്തിന്റേതാണ്. ഭൂമിയുടെ ഉള്ളില്‍ ഖനന വസ്തുക്കള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള നിലത്തിന്റെ ഉടമസ്ഥന് അത് കുഴിച്ചെടുക്കുവാന്‍ രാഷ്ട്രം അനുവദിക്കുകയാണെങ്കില്‍…. ആദായത്തിന്റെ അഞ്ചില്‍ ഒരോഹരിക്ക് പ്രസ്തുത ഉടമസ്ഥന്‍ അര്‍ഹനാണ്.

12. കൃഷി ചെയ്യാന്‍ സാധിക്കാത്ത ഒരു ഭൂവുടമ തന്റെ നിലം കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരുവന് തുച്ഛമായ പാട്ടത്തിന്മേല്‍ ചാര്‍ത്തിക്കൊടുക്കേണ്ടതാണ്. ആ പാട്ടം ഭൂനികുതിയും വസ്തു കൈവശക്കാര്‍ ഉണ്ടാക്കിയിട്ടുള്ള കുഴിക്കൂറുകള്‍ക്ക് ഗവണ്‍മെന്റ് നിശ്ചയിക്കുന്ന വിലയും അടങ്ങിയിരിക്കേണ്ടതാണ്.

13. കെട്ടിടത്തെ സംബന്ധിച്ചാണെങ്കില്‍ ഉടമസ്ഥന് മേല്‍പറഞ്ഞ തോതിനെ അടിസ്ഥാനപ്പെടുത്തി ഗവണ്‍മെന്റ് നിശ്ചയിക്കുന്ന തുച്ഛമായ വാടക കിട്ടുവാന്‍ അവകാശമുണ്ടായിരിക്കുന്നതാണ്.

14. നിലം നികുതിയും ഉല്‍പ്പന്നങ്ങളും തമ്മില്‍ എത്രയും ന്യായമായ ഒരു ബന്ധമുണ്ടായിരിക്കേണ്ടതാണ്. മഴയില്ലാത്തതുകൊണ്ടോ മറ്റു ദൈവഗത്യാ ഉള്ള കാരണങ്ങള്‍ കൊണ്ടോ വിളനാശം വരികയാണെങ്കില്‍ നിലനികുതി മടക്കിക്കൊടുക്കുവാനുള്ള ഉപാധിയും ഉണ്ടായിരിക്കേണ്ടതാണ്.

15. കൃഷിയുടെ അഭിവൃദ്ധിക്കും ജലസേചന സൗകര്യത്തിനും വേണ്ടിയുള്ള വഴികള്‍ ഗവണ്‍മെന്റ് നല്‍കേണ്ടതുണ്ട്. മൊത്തച്ചെലവിന്മേല്‍ അധിഷ്ഠാപിതമായ ഇതിനുവേണ്ടി യാതൊരു ഫീസും വസൂലാക്കരുത്.

16. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.

17. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവ ഗവണ്‍മെന്റിന്റെ വകയായിരിക്കേണ്ടതാണ്. ദേശീയവല്‍ക്കരണം എത്രയും ചെറിയ പരിധിയില്‍ അടങ്ങിയിരിക്കേണ്ടതാണ്. മറ്റു തുറകളിലുള്ള പൊതുജനാവശ്യത്തിന്റെ വലിയ ഒരു മാനദണ്ഡമായിരിക്കണം അതിനെ (ദേശീയവല്‍ക്കരണത്തെ) തീരുമാനിക്കേണ്ടത്.

18. സൗജന്യവും നിര്‍ബന്ധവുമായ പ്രാഥമിക വിദ്യാഭ്യാസം ഗവണ്‍മെന്റ് നല്‍കേണ്ടതാണ്. സെക്കണ്ടറി വിദ്യാഭ്യാസവും മറ്റു ഉയര്‍ന്ന വിദ്യാഭ്യാസവും നല്‍കുന്നതും ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തുന്നതുമായ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര സഹായം ഗവണ്‍മെന്റ് നല്‍കേണ്ടതാണ്.

19. വയോജന വിദ്യാഭ്യാസത്തിനു സൗകര്യമുണ്ടാക്കുക വഴി നിരക്ഷരത്വത്തെ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിഷ്‌കാസനം ചെയ്യേണ്ടതാണ്.

20. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആശുപത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്‌സ്‌റേ പരിശോധന കാലംതോറും നല്‍കേണ്ടതാണ്.

ഇത്രയും പുരോഗമനാത്മകമായ ഒരു നയപരിപാടി മുന്നോട്ടുവെക്കാന്‍ ആ കാലത്ത് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിക്കാണ് കഴിയുക? സ്വതന്ത്രഭാരതത്തിന് ഇനിയും ഒരു ഭരണഘടന തയ്യാറായി കഴിഞ്ഞിട്ടില്ലാത്ത ഒരു കാലത്താണ് മുസ്‌ലിംലീഗ് ഇത്തരമൊരു നയരേഖ ആവിഷ്‌കരിച്ചത് എന്ന വസ്തുത പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്. ഭരണഘടനാ നിര്‍മ്മാണസഭ കാര്യമായിത്തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ആ അവസരത്തില്‍ ഇന്ത്യയുടെ ഭാവി ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന് ഭരണഘടനാ ശില്‍പികളെ ഓര്‍മപ്പെടുത്തുകയാണ് മുസ്‌ലിംലീഗ്. നയരേഖ വിശകലനം ചെയ്തുനോക്കിയാല്‍ ഇന്ന് ഇന്ത്യ വിജയകരമായി പ്രയോഗിച്ചുവരുന്ന മിശ്രസമ്പദ് വ്യവസ്ഥയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.

ഇടതുപക്ഷ പാളിച്ചകള്‍ക്കും വലതുപക്ഷ വ്യതിയാനങ്ങള്‍ക്കുമിടയില്‍ കൃത്യമായ മധ്യമാര്‍ഗമാണ് മുസ്‌ലിംലീഗ് ലക്ഷ്യമിട്ടിരിക്കുന്നത്. രേഖയില്‍ സ്വകാര്യസ്വത്തവകാശം അനുവദിക്കപ്പെടുന്നുണ്ട്. പക്ഷേ, അത് ഒരു ട്രസ്റ്റി എന്ന നിലയില്‍ മാത്രം. സമ്പത്ത് കുന്നുകൂട്ടാന്‍ അത് ആരെയും അനുവദിക്കുന്നില്ല. തൊഴിലെടുക്കാനും വിദ്യാഭ്യാസം ലഭിക്കാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് നയരേഖ പറയുന്നു. (അര നൂറ്റാണ്ടിനു ശേഷമാണ് ഈ അവകാശങ്ങള്‍ മൗലികാവകാശമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്).

സ്വകാര്യ ഉടമയിലായിരുന്ന ഇന്ത്യയിലെ കപ്പല്‍-വിമാന-ട്രെയിന്‍ സര്‍വീസുകളെല്ലാം വിദ്യുച്ഛക്തിയുല്‍പാദനവും ഖനികളും മറ്റും ദേശസാല്‍ക്കരിക്കണമെന്ന ആവശ്യത്തിന് വിപ്ലവകരമായ ഒരു സോഷ്യലിസ്റ്റ് മുഖമുണ്ട്. ആ സര്‍വീസുകളെല്ലാം ക്രമേണ പൊതുമേഖലയില്‍ ആയിക്കഴിഞ്ഞുവല്ലോ. അറുപതുകളില്‍ മാത്രമാണ് സാമ്പത്തിക ചര്‍ച്ചകളില്‍ കുത്തകകളെക്കുറിച്ച് നാം പറഞ്ഞുവന്നത്. എന്നാല്‍ 1948-ല്‍ തന്നെ മുസ്‌ലിംലീഗ് കുത്തകകളുടെ അപകടസാധ്യതകളെപ്പറ്റി സൂചന നല്‍കുകയും അത് നിയന്ത്രിക്കണമെന്ന് ഭരണാധികാരികളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. കാര്യം ബോധ്യപ്പെട്ട സര്‍ക്കാര്‍ വളരെ വൈകിയാണെങ്കിലും എ.ആര്‍.ടി.പി. (Monopoly Restriction and Trade Practice) മുതലായ നിയമങ്ങളിലൂടെ കുത്തകകള്‍ക്ക് മൂക്ക് കയറിട്ടു.

നയരേഖയില്‍ പറഞ്ഞ പലിശ വിമുക്ത ബാങ്കിംഗ് സമ്പ്രദായത്തിന് ഇസ്്‌ലാമിക മൂല്യങ്ങളുടെ സ്പര്‍ശമുണ്ട്. ഇത്തരം ബാങ്കിംഗ് സമ്പ്രദായം എന്ന ആശയം ഇന്ന് അപ്രാപ്യമായ ആകാശ കുസുമമല്ല. വിദേശ രാജ്യങ്ങളില്‍ അത് നടപ്പുണ്ട്. റിസര്‍വ് ബാങ്ക് തലത്തില്‍ ഇപ്പോള്‍ ആ സമ്പ്രദായത്തെപ്പറ്റി ഗൗരവമായി ആലോചിച്ചുവരികയാണ്.

1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോ ഇടതുപക്ഷ പ്രസ്ഥാനങ്ങളോ സജീവമല്ലാത്ത കാലത്താണ് അവരെപോലും അതിശയിപ്പിക്കുമാറുള്ള ഒരു നയരേഖ മുസ്്‌ലിംലീഗ് അവതരിപ്പിച്ചിരിക്കുന്നത്. മദ്രാസ് അസംബ്ലിയില്‍ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിലൊരാള്‍ അനന്തന്‍ നമ്പ്യാര്‍, ജയിലിലും. മുസ്‌ലിംലീഗിനാണെങ്കില്‍ 29 എം.എല്‍.എ.മാരുടെ അംഗബലവും പ്രതിപക്ഷ നേതൃപദവിയുമുണ്ട്.

 

 

chandrika: