ജമ്മു കശ്മീരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ വിളിച്ച് വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. 39 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയത്. വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയാണ് പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ വിളിച്ചു വരുത്തിയത്.
അതേസമയം പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ തിരികെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനും തീരുമാനമായി. അജയ് ബിസാരി ഇന്ന് രാത്രി തന്നെ ഡല്‍ഹിയിലേക്ക് തിരിക്കും. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി പാകിസ്ഥാനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണിത്.
ഗുരുതരമായ ആക്രമണങ്ങളോ, സമാധാനക്കരാര്‍ ലംഘനങ്ങളോ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തുന്നത് പോലുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിക്കാറുള്ളത്. ഇന്നലെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ 39 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കിയ ഇന്ത്യ ശക്തമായ നടപടിക്കൊരുങ്ങുകയാണ്.
പാകിസ്ഥാന് നല്‍കിയ ‘സൗഹൃദരാജ്യ’മെന്ന പദവി ഇന്ത്യ എടുത്തു കളഞ്ഞിരുന്നു. അന്താരാഷ്ട്രസമൂഹത്തില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തുമെന്നും പുല്‍വാമ ആക്രമണം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ശക്തമായി ഉയര്‍ത്തണമെന്നും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചിരുന്നു.