മുറാസില്‍
റിയാദ് അഞ്ചുവര്‍ഷത്തിലധികം ഒട്ടകങ്ങളോടൊപ്പം മരുഭൂമിയില്‍ കഴിഞ്ഞ ഇന്ത്യക്കാരന് എംബസിയുടെയും കെഎംസിസിയുടെയും ഇടപെടലില്‍ മോചനം. മഹാരാഷ്ട്ര സ്വദേശിയായ സിദ്വേശ്വറിനാണ് അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം മരൂഭൂമിയിലെ ഒട്ടകക്കൂട്ടത്തില്‍നിന്ന് ഇന്ത്യന്‍ എംബസിയുടെയും റിയാദ് കെഎംസിസിയുടെയും സുഹൃത്തുക്കളുടെയും ശ്രമം മൂലം മോചനം ലഭിച്ചത്. തര്‍ഹീലില്‍നിന്ന് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതോടെ ഇദ്ദേഹം നാട്ടിലേക്ക് തിരിക്കും.
അഞ്ചുവര്‍ഷം മുമ്പാണ് സിദ്വേശ്വര്‍ തോട്ടം തൊഴിലാളി വിസയില്‍ റിയാദിലെത്തിയത്. ഒരാഴ്ചക്ക് ശേഷം സ്‌പോണ്‍സര്‍ പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന ജോലിക്കായി വിദൂരത്തുള്ള തോട്ടത്തിലേക്ക് കൊണ്ടുപോയി. ഏതാനും മാസങ്ങള്‍ അവിടെ കഴിഞ്ഞ ശേഷം സ്‌പോണ്‍സറുടെ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിക്കായി സിദ്വേശ്വറിനെ മരുഭൂമിയിലേക്ക് മാറ്റി. റിയാദില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ റോഡുമാര്‍ഗവും പിന്നീട് മരുഭൂമിയിലൂടെയും സഞ്ചരിച്ചാല്‍ മാത്രമേ ഈ ഭാഗത്ത് എത്തുകയുള്ളൂ. തീറ്റ തേടി ഒട്ടകങ്ങളുമായി ഓരോ ദിവസവും ഓരോ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം. പകലന്തിയോളം അവ കറങ്ങിക്കൊണ്ടിരിക്കും. രാത്രി എവിടെയെങ്കിലും തങ്ങും. ഒരു നേരം കഴിക്കാനുള്ള ഭക്ഷണവും ഒട്ടകങ്ങള്‍ക്ക് വെള്ളവുമായി എപ്പോഴെങ്കിലും സ്‌പോണ്‍സര്‍ വരും. ഒട്ടകങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഏതെങ്കിലുമൊന്ന് എവിടെയെങ്കിലും ഇരുന്നാലോ 200 റിയാല്‍ മുതല്‍ ഇദ്ദേഹം ശമ്പളത്തില്‍ നിന്ന് പിഴയായി വെട്ടികുറക്കുകയും ചെയ്യും. ഇതുമൂലം ഒടുവില്‍ ശമ്പളം തീരെ ലഭിക്കാതെയായി. നിസ്സാര പ്രശ്‌നങ്ങള്‍ക്ക് സ്‌പോണ്‍സര്‍ ഉപദ്രവിക്കാനും തുടങ്ങി. ഒടുവില്‍ തന്നെ നാട്ടിലേക്ക് അയക്കണമെന്ന് അപേക്ഷിച്ചപ്പോള്‍ സ്‌പോണ്‍സര്‍ ഇദ്ദേഹത്തിനെതിരെ വാഹനമോഷണ കേസ് ചുമത്തി. തിരിച്ച് ജോലിയില്‍ പ്രവേശിക്കാമെന്ന് അറിയിച്ചപ്പോള്‍ കേസില്‍ ജാമ്യത്തിലിറക്കി. വീണ്ടും മരുഭൂമിയിലെ ദുരിത ജീവിതം തുടങ്ങി. ഏറെ കാലമായി ഇഖാമ പുതുക്കി നല്‍കിയിരുന്നില്ല. ഭക്ഷണം പോലും ലഭിക്കാതെയായതോടെ സിദ്വേശ്വര്‍ വിഷയം ബന്ധുക്കളെയും സൗദിയിലെ സുഹൃത്തുക്കളെയും അറിയിച്ചു. സുഹൃത്തായ മഹാരാഷ്ട്ര സ്വദേശി സാബിര്‍ ഇന്ത്യന്‍ എംബസിയില്‍ ഇദ്ദേഹത്തിന് വേണ്ടി പരാതി നല്‍കി. ഉടന്‍ തന്നെ എംബസി വിഷയത്തില്‍ ഇടപെടുകയും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരിനെ കേസില്‍ ഇടപെടാന്‍ ഏല്‍പിക്കുകയും ചെയ്തു. അതുപ്രകാരം അദ്ദേഹം സ്‌പോണ്‍സറെ വിളിച്ചു. എംബസി ഇടപെട്ടെന്ന് മനസ്സിലായതോടെ സ്‌പോണ്‍സര്‍ സിദ്വേശ്വറിനെ തൊട്ടടുത്ത തോട്ടത്തില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് സിദ്ദീഖ് തുവ്വൂരും ഇയാളുടെ സുഹൃത്ത് സാബിറും തോട്ടത്തിലെത്തി റിയാദിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. എക്‌സിറ്റിനും ബാക്കി ശമ്പളത്തിനും വേണ്ടി കാത്തിരിക്കുകയാണിപ്പോള്‍. എക്‌സിറ്റിന് ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ വെല്‍ഫയര്‍ കൗണ്‍സിലര്‍ എം.ആര്‍. സജീവ്, ശ്യാം സുന്ദര്‍, ആശിഖ് തുടങ്ങിയവര്‍ സജീവമായി ഇടപെട്ടതാണ് സിദ്വേശ്വറിനെ പെട്ടെന്ന് ആശ്വാസമായത്. യൂസുഫ് പെരിന്തല്‍മണ്ണയും സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.
photo: സിദ്ദേശ്വര്‍ കെഎംസിസി നേതാവ് സിദ്ദിഖ് തുവ്വൂരിന്റെയും സുഹൃത്ത് സാബിറിന്റെയും കൂടെ