X

സര്‍ജിക്കല്‍ സ്‌ട്രൈക്ക്: വ്യാജമെന്ന് ഇന്ത്യ സമ്മതിച്ചതായി പാക് പത്രം

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സുബ്രഹ്്മണ്യന്‍ ജയ്ശങ്കര്‍ സമ്മതിച്ചതായി പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി ഡോ.മാര്‍ട്ടിന്‍ നേയുമായി നടത്തിയ കൂട്ടിക്കാഴ്ചക്കിടെയാണ് ജയ്ശങ്കര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വ്യാജമെന്ന് തുറന്നടിച്ചതെന്ന് ന്യൂസ് ഇന്റര്‍നാഷണല്‍ പാകിസ്താന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മന്‍ വൃത്തങ്ങള്‍ ബെര്‍ലിനിലെ പാക് എംബസി വഴി മന്ത്രി റുക്‌സാന അഫ്‌സലിനെ ഇക്കാര്യം അറിയിച്ചുവെന്നാണ് പത്രം പറയുന്നത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ജയ്ശങ്കറിന്റെ പ്രസ്താവനയായി പ്രചരിക്കുന്നത് തീര്‍ത്തും അടിസ്ഥാനവിരുദ്ധമാണെന്നും കെട്ടിചമച്ചതാണെന്നും വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് വിദേശ പ്രതിനിധിസംഘത്തിനു മുമ്പാകെ ജയ്ശങ്കര്‍ വിവരിച്ചിരുന്നു. ഈ സംഘത്തില്‍ ജര്‍മന്‍ സ്ഥാനപതി ഡോ.മാര്‍ട്ടിന്‍ നേയുമായുണ്ടായിരുന്നു. സെപ്തംബര്‍ 29നായിരുന്നു വിദേശപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തത്. അതിനുശേഷം മാര്‍ട്ടിന്‍ നേയുമായി ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വികാസ് സ്വരൂപ് പറഞ്ഞു.

 

Web Desk: