X

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസിന്: അവസാനം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി

ഇന്ത്യന്‍ ഫുട്‌ബോളിന് ആശ്വാസം പകര്‍ന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകള്‍ പങ്കെടുക്കാന്‍ കായിക മന്ത്രാലയം അനുമതി നല്‍കി. ചൈനയില്‍ സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെ നടക്കുന്ന ഏഷ്യന്‍ ഗെംയിസില്‍ പങ്കെടുക്കുന്നതിനാണ് ടീമുകള്‍ക്ക് ചട്ടങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.

കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, നമ്മുടെ ദേശീയ ഫുട്‌ബോള്‍ ടീം (പുരുഷന്‍മാരുടേയും വനിതകളുടേയും) വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ തയ്യാറാകുകയാണ്. നിലവിലെ മാനദണ്ഡമനുസരിച്ച് യോഗ്യത നേടാത്ത രണ്ട് ടീമുകളുടെയും പങ്കാളിത്തം സുഗമമാക്കുന്നതിന് ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സമീപകാലത്തെ അവരുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. അവര്‍ ഏഷ്യന്‍ ഗെയിംസില്‍ തങ്ങളുടെ ഏറ്റവും മികച്ച കാല്‍വെയ്പ്പ് നടത്തി നമ്മുടെ രാജ്യത്തിന് അഭിമാനം സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു.

ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഇനങ്ങളില്‍ മാത്രം ഗെയിംസില്‍ പങ്കെടുത്താല്‍ മതിയെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലവിലെ മാനദണ്ഡം. ഇന്ത്യന്‍ പുരുഷ വനിതാ ടീമുകളുടെ സ്ഥാനം ഇതിന് താഴെയാണ്. ഈ മാനദണ്ഡമാണ് ഫുട്‌ബോള്‍ ടീമിനായി കേന്ദ്രം ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഈയിടെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ യുവനിരയ്ക്ക് മികവ് തെളിയിക്കാനുള്ള പ്രധാന അവസരമാണ് ഏഷ്യന്‍ ഗെയിംസ്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനും കത്തെഴുതിയിരുന്നു.

webdesk13: