ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അന്‍വര്‍ അലിക്ക് നാല് മാസത്തെ വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). ഡല്‍ഹി എഫ്‌സിയില്‍ നിന്ന് ലോണില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലെത്തിയ താരം അവരുമായുള്ള നാല് വര്‍ഷത്തെ കരാര്‍ ലംഘിച്ച് എതിരാളികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് താരത്തിന് തിരിച്ചടിയായത്.
അന്‍വര്‍ അലിയും മാതൃക്ലബ് ഡല്‍ഹി എഫ്‌സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേര്‍ന്ന് 12.90 കോടി രൂപ മോഹന്‍ ബഗാന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് എ.ഐ.എഫ്.എഫ് പ്ലെയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ (പി.എസ്.സി) നിര്‍ദേശം. പിഴ തുകയുടെ പകുതി അന്‍വര്‍ അലിയാണ് നല്‍കേണ്ടത്. ഡല്‍ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകകളിലൊന്നായ 24 കോടിക്കാണ് അന്‍വര്‍ ഈസ്റ്റ് ബംഗാളിലെത്തിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ മാതൃക്ലബ് ഡല്‍ഹി എഫ്‌സിക്ക് 2.5 കോടി ലഭിച്ചിരുന്നു. 2022ല്‍ ഇന്ത്യന്‍ ടീമില്‍ ഇറങ്ങിയ അന്‍വര്‍ അലി ഇതുവരെ രാജ്യത്തിനുവേണ്ടി 22 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഐ.എസ്.എല്ലില്‍ മികച്ച പ്രകടനമാണ് അന്‍വര്‍ കാഴ്ച്ചവെച്ചത്.