അശ്‌റഫ് തൂണേരി
ദോഹ: ഹിന്ദുത്വ തീവ്രവാദത്തിന്റെ വക്താവും ആര്‍ എസ് എസ് നേതാവും ഭാരതീയ ജനസംഘം മുന്‍ പ്രസിഡന്റുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിന്‍ തന്നെ പ്രചരിപ്പിക്കുന്നു. ഇന്ത്യന്‍ ‘ഔദ്യോഗിക’- പരിപാടിയെന്ന് സംഘാടകര്‍ അവകാശവാദമുന്നയിക്കുമ്പോള്‍ തന്നെയാണ് എംബസി ഇതിനു ന്യായീകരണമെന്നോണം ചിത്രങ്ങള്‍ തലക്കെട്ട് സഹിതം പ്രചരിപ്പിക്കുന്നത്. ഇതിനകം വിവാദമായ ഫെയ്‌സ്ബുക്ക് പേജിലെ പ്രചാരണത്തിനെതിരെ ഖത്തറിലെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗള്‍ഫിലും കാവിവത്കരണത്തിനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ‘ഇന്ത്യ ഇന്‍ ഖത്തര്‍’ അഥവാ എംബസി ഓഫ് ഇന്ത്യ ഖത്തര്‍ എന്ന ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക പേജിലാണ് ചടങ്ങിന്റെ ആറ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ നൂറ്റി ഒന്നാമത് ജയന്തി ആഘോഷങ്ങള്‍’ എന്ന തലക്കെട്ടോടെയാണ് പോസ്‌ററ്. പക്ഷെ പരിപാടിയുടെ സംഘാടകര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അല്ലതാനും. ബി ജെ പിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ (ഒ എഫ് ഐ ഖത്തര്‍) ആണ് ദീന്‍ ദയാല്‍ ജന്മദിന പരിപാടിയായ ‘അന്ത്യോദയ’ യുടെ സംഘാടകരെന്ന് അവര്‍ തന്നെ മാധ്യമങ്ങള്‍ക്കയച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷെ എംബസിക്ക് അത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പരിപാടിയായത് എങ്ങിനെയെന്ന് ദുരൂഹമാണ്. അതിനിടെ ഐ സി സി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ലെന്ന് മാനേജിംഗ് കമ്മിറ്റിയംഗം എ പി മണികണ്ഠന്‍ പറഞ്ഞു.
അതേസമയം തങ്ങളെ ഈ പരിപാടി സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചതാണെന്നാണ് ഓവര്‍സീസ് ഫ്രന്റ്‌സ് ഓഫ് ഇന്ത്യ ഭാരവാഹിയുടെ വാദം. ”ഇന്ത്യന്‍ എംബസി നടത്തേണ്ടുന്ന പരിപാടിയാണിത്. എംബസിയുടെ ഔദ്യോഗിക സഹകരണത്തോടെയാണ് ചടങ്ങ് നടത്തിയത്.”- ഒ എഫ് ഐ ഖത്തര്‍ പ്രസിഡന്റ് പ്രശാന്ത്കുമാര്‍ ‘ചന്ദ്രിക’-യോട് പറഞ്ഞു. എങ്കില്‍ എംബസിക്ക് ഔദ്യോഗികമായി നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന് എംബസി തങ്ങളെ നടത്തനേല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഒ.എഫ്.ഐ കൈമാറിയ ക്ഷണക്കത്തില്‍ എംബസിയുമായി സഹകരിച്ച് എന്ന് പറയുന്നുമില്ല. ചടങ്ങിന്റെ ബാനറിലാകട്ടെ ‘ഇന്‍ അസോസിയേഷന്‍ വിത്ത് എംബസി ഓഫ് ഇന്ത്യ ഖത്തര്‍’ എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് മിലന്‍ അരുണ്‍, എംബസി സി എ കോണ്‍സെലര്‍ രാജേഷ് കാംബ്ലെ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോ. കെ എന്‍ മദുസൂദനന്‍ പിള്ളൈ ആണ് നാട്ടില്‍ നിന്ന് അതിഥിയായി എത്തിയത്. വ്യാഴാഴ്ച വൈകീട്ട് എട്ടിന് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലായിരുന്നു പ്രതിഷേധം ക്ഷണിച്ചുവരുത്തിയ ദീന്‍ദയാല്‍ അനുസ്മരണ ചടങ്ങ് നടന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കോളെജുകളിലും സര്‍വ്വകലാശാലകളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ അതിന് തയ്യാറല്ലെന്നും കാവിവത്കരണത്തിന് ആക്കം കൂട്ടുന്ന നടപടിയാണിതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിലപാടെടുത്തിരുന്നു.
എംബസി നിലപാടിനെതിരെ സാമൂഹിക പ്രവര്‍ത്തകര്‍
രാഷ്ട്രീയ സ്വയം സേവക സംഘം നേതാവിന്റെ ജന്മദിന പരിപാടിയുടെ പ്രചാരകരായി എംബസി മാറുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ ഇത്തരം നടപടികളില്‍ നിന്ന് പിന്‍വലിയണമെന്നും ഖത്തര്‍ കെ എം സി സി ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി വ്യക്തമാക്കി. ”ഇത്തരം നടപടികള്‍ പക്ഷാപാതിത്വം മാത്രമല്ല ഇന്ത്യയുടെ മതേതര നിലപാടിന് കളങ്കം ചാര്‍ത്തുന്നതും ഗള്‍ഫില്‍ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്.” അദ്ദേഹം വിശദീകരിച്ചു. ”ബി ജെ പിയുടേയോ ആര്‍ എസ് എസ്സിന്റേയോ പോഷക സംഘടനകളുടെ പരിപാടിയുടെ പ്രചാരണമല്ല എംബസിയുടെ ജോലി. ഖത്തറിലെ ഇന്ത്യന്‍ എംബസി ഫെയ്‌സ്ബുക്ക് പേജ് വഴി ഇങ്ങനെ പ്രചരിപ്പിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്ന് മാത്രമല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് തിരുത്താന്‍ തയ്യാറാവണം. ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ എന്തു പറയണമെന്ന കാര്യത്തില്‍ ജാഗ്രതയോടെ പെരുമാറാനാണ് അധികൃതര്‍ തയ്യാറാവേണ്ടത്”- ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ഗ്ലോബല്‍ ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ് പറഞ്ഞു. വിവിധ ജാതി മത സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒരേ സ്ഥാനം നല്‍കേണ്ടുന്ന ഇന്ത്യന്‍ എംബസി പക്ഷാപാതപരമായി പെറുമാറുന്നത് ശരിയല്ലെന്നും ഇത്തരം പ്രചാരണങ്ങള്‍ ഒരിക്കലും അനുവദിക്കരുതെന്നും സംസ്‌കൃതി ജനറല്‍സെക്രട്ടറി കെ കെ ശങ്കരന്‍ വ്യക്തമാക്കി. ആര്‍ എസ് എസ് പരിപാടി ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ചടങ്ങായി മാറുന്നത് തെറ്റായ പ്രവണതയാണെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകനുമായ പ്രദോഷ്‌കുമാര്‍ പറഞ്ഞു. ഒരിക്കലും ഈ പരിപാടി എംബസി എഫ് ബി പേജില്‍ ഷെയര്‍ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.