ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീണ്ടു വിചാരമില്ലാത്ത പ്രഖ്യാപനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തു കളഞ്ഞെന്ന് കോണ്‍ഗ്രസ്. ഭരണ വീഴ്ച മറികടക്കാന്‍ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയത് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത കെടുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മയാണ് മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷവും സമ്പദ് വ്യവസ്ഥ കുതിക്കുകയായിരുന്നുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. കുതിക്കുകയല്ല, കിതയ്ക്കുകയായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ധനകാര്യ വിഷയങ്ങളില്‍ ഗുരുതരമായ കൈകാര്യ വീഴ്ചയാണ് അഞ്ചു വര്‍ഷവുമുണ്ടായത്. നോട്ടു നിരോധനം പോലുള്ള വീണ്ടു വിചാരമില്ലാത്ത പ്രഖ്യാപനങ്ങള്‍ ദശലക്ഷക്കണക്കിനു പേരുടെ തൊഴിലും ജീവിതോപാധിയുമാണ് തട്ടിത്തെറിപ്പിച്ചത്. തിടുക്കപ്പെട്ട് ജി.എസ്.ടി നടപ്പാക്കിയതിനു പിന്നിലുള്ള പ്രേരണ എന്തായിരുന്നുവെന്ന് പ്രധാനമന്ത്രിയോ കേന്ദ്ര സര്‍ക്കാറോ ഇതുവരെ രാജ്യത്തോട് പറഞ്ഞിട്ടില്ല. ഒരു രാജ്യം ഒരു നികുതി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ നിലവിലെ ജി.എസ്.ടി ഘടനയനുസരിച്ച് ഒരു രാജ്യം, അഞ്ചു നികുതി എന്നതാണ് സ്ഥിതി. ഏറ്റവും സങ്കീര്‍ണമായ രീതിയിലാണ് മോദി സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കിയിരിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ ആരോപിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നാല് എഞ്ചിനുകളുടേയും നിക്ഷേപം, ഉത്പാദനം, കയറ്റുമതി, മൂലധന രൂപീകരണം- താഴേക്കാണ് വളരുന്നത്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ തകര്‍ന്നു. പുതിയ തൊഴില്‍അവസരങ്ങല്‍ സൃഷ്ടിക്കപ്പെടുന്നില്ല. ദേശീയ നിക്ഷേപ സൂചിക ഇടിഞ്ഞുവെന്നും ശര്‍മ്മ കുറ്റപ്പെടുത്തി.