X

ഉലയുന്ന സമ്പദ്‌രംഗം

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ച ഒരു വാഗ്ദാനം 2024ല്‍ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമല്ല, അധികാരമേറ്റ ശേഷവും പ്രധാനമന്ത്രി ഈ അവകാശവാദം തുടര്‍ച്ചയായി ഉന്നയിച്ചുവരികയായിരുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അതിഗുരുതരമായ പ്രതിസന്ധികളെ മറച്ചുവെച്ചു കൊണ്ടാണ് പ്രധാനമന്ത്രി വലിയ അവകാശ വാദങ്ങള്‍ നടത്തുന്നതെന്നാണ് രാജീവ് കുമാറിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുന്നത്.
നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഏല്‍പിച്ച ആഘാതം സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്നാണ് രാജീവ് കുമാര്‍ പറയുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിച്ച മൂന്ന് പരിഷ്‌കരണ നടപടികള്‍-നോട്ട് നിരോധനം, ജി.എസ്.ടി, പാപ്പര്‍ നിയമം- ഇവ ആലോചനകളോ, മുന്‍കരുതലുകളോ ഇല്ലാതെ നടപ്പാക്കിയതിന്റെ അനന്തരഫലമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്. നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ തന്നെ മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് അതിന്റെ അനന്തര ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പണ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ സാമ്പത്തിക മാന്ദ്യം സാധാരണ ജനങ്ങള്‍ക്ക് പോലും അനുഭവവേദ്യമായിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ കൂട്ട പിരിച്ചുവിടല്‍ നടത്തുകയാണ്. ഓട്ടോമൊബൈല്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നു പോകുന്നത്. 2.30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ വര്‍ഷം ഈ മേഖലയില്‍ ഇല്ലാതായത്. തുടര്‍ച്ചയായ പത്താം മാസവും വാഹന വില്‍പന കുറയുന്നു. ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സിന്റെ കണക്കുപ്രകാരം ജൂലൈ മാസത്തില്‍ കാര്‍ വില്‍പനയില്‍ 30.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. മോട്ടോര്‍ സൈക്കിളിന്റെയും സ്‌കൂട്ടറുകളുടെയും വില്‍പനയില്‍ 16.8 ശതമാനത്തിന്റെ കുറവാണുണ്ടായത്. വാഹനങ്ങളുടെ 300 ഡീലര്‍മാരെങ്കിലും പ്രവര്‍ത്തനം അവസാനപ്പിച്ചതായാണ് വ്യവസായ മേഖല തന്നെ പുറത്തുവിടുന്ന കണക്ക്.
വന്‍കിട വ്യവസായങ്ങള്‍ നേരിടുന്നതിനേക്കാള്‍ രൂക്ഷമാണ് ചെറുകിട വ്യവസായങ്ങളുടെ സ്ഥിതി. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ 30 ശതമാനത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടപ്പെട്ടു. ലക്ഷങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യവും ചെറുകിട വ്യവസായികളെയും കച്ചവടക്കാരെയും തന്നെയാകും ഏറ്റവും കൂടുതല്‍ ബാധിക്കുക. നോട്ട് നിരോധനത്തിലൂടെ തകര്‍ന്നടിഞ്ഞ ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഇപ്പോഴുളള പ്രതിസന്ധി മറികടക്കാന്‍ ലളിതമായ പരിഹാര ക്രിയകളേ വേണ്ടിവരുമായിരുന്നുള്ളൂ. എന്നാല്‍ വിദേശ നിക്ഷേപം കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുനിര്‍ത്താമെന്ന മിഥ്യാധാരണ സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ രൂക്ഷ പ്രതിസന്ധി. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പൊടുന്നനെ തകരുന്നതിന് കാരണവും ഇതാണ്.
പ്രധാനമന്ത്രി അവകാശപ്പെടുംപോലെ 2024ല്‍ അഞ്ച് ട്രില്ല്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യ വളരണമെങ്കില്‍ പ്രതിവര്‍ഷം ശരാശരി 12 ശതമാനം വളര്‍ച്ച നേടണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജി.ഡി.പി വളര്‍ച്ച 6.8 ശതമാനമായിരൂന്നു. ഇപ്പോഴത് 5.8 ശതമാനമായി താഴ്ന്നിരിക്കുന്നു. ഇപ്പോഴത്തെ നിലക്ക് ജി.ഡി.പി വളര്‍ച്ച താഴേക്ക് പോകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2008ലും 2009ലും ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചിരൂന്നില്ല. 1930 കളിലെ ഗ്രേറ്റ് ഡിപ്രഷന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആഗോള മാന്ദ്യമായിരുന്നു ലോകം നേരിട്ടതെന്ന് കൂടി പരിഗണിക്കേണ്ടതുണ്ട്. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ആഗോള ജി.ഡി.പി രണ്ട് ശതമാനത്തിന് താഴെയായിരുന്നു. ആഗോള മാന്ദ്യം പ്രതികൂലമായല്ല, അനുകൂലമായാണ് ഇന്ത്യയെ അന്ന് ബാധിച്ചത്. 2003-11 കാലയളവില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ശരാശരി 8.4 ശതമാനമായിരുന്നു. സ്ഥിരതയുള്ള വളര്‍ച്ചാ നിരക്ക് ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ മൂല്യത്തിന്റെ കുത്തൊഴുക്കിന് ഇടയാക്കി. പ്രധാനമന്ത്രി അഞ്ച് ട്രില്ല്യന്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിക്കുന്നത് സ്ഥിരതയാര്‍ന്ന ഈ വളര്‍ച്ചാ നിരക്ക് 12 ശതമാനത്തിലേക്ക് ഉയരുമെന്ന കണക്കുകൂട്ടലിലാണ്. നോട്ടു നിരോധനവും ജി.എസ്.ടി.യും വളര്‍ച്ചാ നിരക്കിനെ പ്രതികുലമായി ബാധിച്ചത്. ജി.എസ്.ടി വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ കീഴ്‌പ്പോട്ടാണ് നീങ്ങുന്നത്. എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളുണ്ടായില്ലെങ്കില്‍ സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള ത്രാണി പോലും ഇല്ലാത്തവരായി നമ്മള്‍ മാറും.
സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയും രൂക്ഷമാക്കുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചു കഴിഞ്ഞു. രാജീവ് കൂമാറിന്റെ വെളിപ്പെടുത്തലിന് തൊട്ടു പിന്നാലെ സമ്പദ് വ്യവസ്ഥയെ ഉത്തേചിപ്പിക്കാനായി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. മിക്കവയും കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച വിഡ്ഢിത്തപരമായ നിലപാടുകളില്‍ നിന്നുള്ള പിന്മാറ്റമാണ്. ജനങ്ങള്‍ വീടും വസ്തുകളും വില്‍ക്കുമ്പോള്‍ ഉള്ള സര്‍ചാര്‍ജ്ജ് ഒഴിവാക്കും, 2020 മാര്‍ച്ച് 20 വരെ വില്‍ക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ തീരുന്നത് വരെ നിരത്തില്‍ ഓടിക്കാം, ഭവന വായ്പയുടെ പലിശ നിരക്കില്‍ കുറവ് വരുത്തും, പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ, ഒക്ടോബര്‍ ഒന്ന് മുതല്‍ ആദായ നികുതി നോട്ടീസുകള്‍ ഇനി ഏകീകൃത രൂപത്തില്‍, ജിഎസ്ടി നികുതി പിരിവ് കൂടുതല്‍ ലളിതമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ കൂടുതല്‍ പ്രയത്‌നം വേണ്ടിവരും. പ്രത്യേകിച്ചും കയറ്റുമതി മേഖല ശുഷ്‌കമായ ഇന്ത്യന്‍ വിപണിയെ മുന്നില്‍ വെച്ച് അഞ്ച് ട്രില്ല്യന്‍ സമ്പദ്‌വ്യവസ്ഥ സ്വപ്‌നം കാണുമ്പോള്‍.

chandrika: