ന്യൂഡല്‍ഹി: ഇന്ത്യയിന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് (എന്‍.എം.സി) ആഗോള സംഘടനയായ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ(ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ക്ക് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരമുള്ള മറ്റു രാജ്യങ്ങളില്‍ നേരിട്ട് പ്രാക്ടീസ് നടത്താനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് നേരിട്ട് പ്രാക്ടീസിന് അവസരം ലഭിക്കുക. ഈ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര പഠനവും സാധ്യമാകും. രാജ്യത്തെ എന്‍.എം.സി അംഗീകാരമുള്ള 706 മെഡിക്കല്‍ കോളേജുകള്‍ക്ക് ഓട്ടോമാറ്റിക് ആയി ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം കൈവരുമെന്നും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന എന്‍.എം. സി അംഗീകാരമുള്ള മുഴുവന്‍ മെഡിക്കല്‍ കോളജുകളും ഇതിന്റെ പരിധിയില്‍ ഓട്ടോമാറ്റിക് ആയി ഉള്‍പ്പെടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തേത്ത് കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.
ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനായി സ്ഥാപിച്ചിപിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍. മനുഷ്യരാശിക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി പരിശ്രമിക്കുക, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഒരു മെഡിക്കല്‍ കോളജിന് 49,85,142 രൂപയാണ് ഡബ്ല്യു.എഫ്.എം.ഇ അക്രഡിറ്റേഷന് വേണ്ടി വരുന്ന ഫീസ്. ഇത്തരത്തില്‍ 706 മെഡിക്കല്‍ കോളജുകള്‍ക്ക് വേണ്ടി 351.59 കോടി രൂപയാണ് ആകെ ചെലവ്.