ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രണ്ടായിരം രൂപയുടെ കള്ളനോട്ടുകള്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ വ്യാജമായി അടിച്ചിറക്കുന്നതായി കണ്ടെത്തി. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിനാണ് ഇത് സംബന്ധിച്ച വിവരം കിട്ടിയത്. കള്ളനോട്ട് നിര്‍മ്മിക്കുന്നതിനായി ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഉപയോഗിക്കുന്നതായാണ് വിവരം. കറാച്ചിയിലെ മാലിര്‍ ഹാള്‍ട്ടിലുള്ള പാകിസ്ഥാന്‍ സെക്യൂരിറ്റി പ്രസിലാണത്രെ കള്ളനോട്ട് അച്ചടി നടക്കുന്നത്. പാകിസ്ഥാനില്‍ അച്ചടിച്ച ശേഷം ഇന്ത്യയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. 2000 രൂപ നോട്ടിന്റെ ഏതാണ്ടെല്ലാ സവിശേഷതകളും ഈ കള്ളനോട്ടിലുമുണ്ട്.
പാകിസ്ഥാനികള്‍ ഉപയോഗിച്ച ഹൈടെക് ഒപ്റ്റിക്കല്‍ വേരിയബിള്‍ മഷി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്.ഐ.എസ്. ഐയിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നാണ് വിവരം. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയാണ് ഈ നോട്ട് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കറാച്ചിയിലും ആസ്ഥാനമുണ്ട്. നോട്ടിന്റെ ഇടതും വലതും ഭാഗത്തുള്ള ബ്ലീഡ് ലൈനുകളും അവര്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. കണ്ണ് കാണാത്തവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. ആറ് മാസം മുമ്പ് പിടിച്ച കള്ളനോട്ടുകളില്‍ ഇത്തരം ഉയര്‍ന്ന സാങ്കേതിക വിദ്യകളൊന്നും ഉണ്ടായിരുന്നില്ല. പുതിയ നോട്ടില്‍ എക്‌സ്‌പ്ലോഡഡ് ഫോര്‍മേഷനിലുള്ള ഏഴ് എഫ് കെ. സീരീസുകളും ഇതില്‍ ഉള്‍പ്പെടും