X

ശാസ്ത്രി പടിയിറങ്ങുന്നു ; പുതിയ പരിശീലകനുള്ള സാധ്യത ഇങ്ങനെ !

ലോകകപ്പ് തോല്‍വിക്ക് പിറകെ പരിശീലക സ്ഥാനത്ത് അഴിച്ച് പണി നടത്താന്‍ ഒരുങ്ങി ബി.സി.സി.ഐ. ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് എന്നീ പരിശീലക സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഈ മാസം 30ന് വൈകീട്ട് അഞ്ചു മണി വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 60 വയസ്സിനു താഴെ പ്രായമുള്ള, രണ്ടു വര്‍ഷത്തിലധികം രാജ്യാന്തര ക്രിക്കറ്റില്‍ പരിശീലകനായി അനുഭവസമ്പത്തുള്ളവര്‍ക്കാണ് മുന്‍ഗണന.

ടെസ്റ്റ് പദവിയുള്ള ഏതെങ്കിലും ടീമിനെ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പരിശീലിപ്പിച്ചിരിക്കണം എന്നതാണ് മുഖ്യ പരിശീലക റോളിലേക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പ്രധാനം. ഐസിസിയുടെ അസോഷ്യേറ്റ് രാജ്യങ്ങളെയോ എ ടീമുകളെയോ ഐപിഎല്‍ ടീമുകളെയോ മൂന്നു വര്‍ഷം പരിശീലിപ്പിച്ച പരിചയസമ്പത്താണെങ്കിലും മതി. ഇതിനു പുറമെ അപേക്ഷിക്കുന്നയാള്‍ ഏറ്റവും കുറഞ്ഞത് 30 ടെസ്റ്റുകളോ 50 ഏകദിനങ്ങളോ കളിച്ചിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാത്രമല്ല, അപേക്ഷകര്‍ 60 വയസ്സിനു താഴെയുള്ളവരുമാകണം. ഇപ്പോഴത്തെ പരിശീലകന്‍ രവി ശാസ്ത്രിക്ക് 57 വയസ്സാണ്.

ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്കും മാനദണ്ഡങ്ങള്‍ ഏറെക്കുറേ സമാനമാണ്. ആകെ വ്യത്യാസമുള്ളത് മല്‍സര പരിചയത്തന്റെ കാര്യത്തില്‍ മാത്രം. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി, ബോളിങ് പരിശീലകന്‍ ഭരത് അരുണ്‍, ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍.ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിനു പിന്നാലെ 45 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിലും ഇവര്‍ക്കു തന്നെയാകും ടീമിന്റെ ചുമതല.

എന്നാല്‍ പുതിയ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി, മുന്‍ പരിശീലകനും ഇന്ത്യന്‍ താരവുമായിരുന്ന അനില്‍ കുബ്ലെ, ഗാരി ക്രിസ്റ്റ്യന്‍, ടോം മൂഡി എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇതുവരെ ആര്‍ക്കാവും സാധ്യത എന്ന് ബി.സി.സി.ഐ യാതൊരു പ്രതികരണവും നല്‍കിയിട്ടില്ല.

Test User: