ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കലഹമെന്ന് റിപ്പോര്‍ട്ട്. വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായി രസത്തിലല്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. അനില്‍ കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് കടുത്ത അസംതൃപ്തിയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചാമ്പ്യന്‍സ് ട്രോഫിയോടെ കരാര്‍ അവസാനിക്കാനിരിക്കെയാണ് കുംബ്ലെയെ ചുറ്റിപ്പറ്റി ഊഹാപോഹങ്ങള്‍ പരക്കുന്നത്. കാലാവധി അവസാനിക്കുന്ന മുറക്ക് കുംബ്ലെയെ മാറ്റി പുതിയ പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുവെന്നും വാര്‍ത്ത വന്നിരുന്നു. സെവാഗിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്തയും ഈയിടെ പ്രചരിച്ചിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ ഇന്ത്യ ജൂണ്‍ നാലിന് ഇറങ്ങാനിരിക്കെയാണ് പരിശീലനകനെ സംബന്ധിച്ച പുതിയ വിവാദങ്ങള്‍ വരുന്നത്. കുംബ്ലെയുടെ പരിശീലന രീതിയോട് യോജിച്ചു പോകാനാവില്ലെന്ന് വിരാട് കോഹ്‌ലി സുപ്രിം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിയെ അറിയിച്ചിട്ടുണ്ട്. കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന രവി ശാസ്ത്രിയുടെ പരിശീലന രീതിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താല്‍പര്യം. ന്യൂസിലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തിന് ശേഷം കോഹ് ലി ഈ പ്രശ്‌നം ബിസിസിഐ ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച ചെയ്തതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയക്കെതിരെ ധര്‍മശാലിയില്‍ നടന്ന ടെസ്റ്റിന് ശേഷമാണ് കുംബ്ലെയും കോഹ് ലിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. പരിക്കേറ്റ കോഹ് ലിക്ക് പകരം കുംബ്ലെയുടെ താല്‍പര്യത്തില്‍ കുല്‍ദീപ് യാദവിനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് കോഹ് ലി ഇക്കാര്യം അറിയുന്നത്. ഇതോടെയാണ് ക്യാപ്റ്റനും കോച്ചും തമ്മിലുള്ള ബന്ധം വഷളായതെന്നറിയുന്നു.
ഐസിസിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കുന്നതിനെതിരെ കുംബ്ലെ രംഗത്തു വന്നതാണ് ഇന്ത്യന്‍ പരിശീലകന്‍ ബിസിസിഐക്ക് അനഭിമതനാകാന്‍ കാരണമായത്.
പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അടുത്തു തന്നെ ഇന്ത്യന്‍ ടീമില്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്ന് അനുബന്ധവൃത്തങ്ങള്‍ അറിയിക്കുന്നു.