സിഡ്‌നി: മൂന്നാംടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസം. അഞ്ച് ഇന്ത്യന്‍ താരങ്ങളുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റേയും കോവിഡ് ടെസ്റ്റ് നെഗറ്റീവായി. ഐസൊലേഷനിലായിരുന്ന താരങ്ങളില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് നെഗറ്റീവായത്. മുന്‍ നിശ്ചയപ്രകാരം ടീം പ്രത്യേക വിമാനത്തില്‍ മെല്‍ബണില്‍ നിന്നും സിഡ്‌നിയിലെത്തി. വ്യാഴാഴ്ചയാണ് ഓസ്‌ട്രേലിയ്‌ക്കെതിരായ മൂന്നാംടെസ്റ്റ്. ആദ്യ ടെസ്റ്റ് ഓസീസും രണ്ടാംടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ മൂന്നാംടെസ്റ്റ് ആവേശമാകും.
കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചെന്ന ആരോപണമുയര്‍ന്നതിനാലാണ് രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, ശുഭ്മാന്‍ഗില്‍, നവ്ദീപ് സെയ്‌നി, പൃഥ്വിഷാ എന്നീ താരങ്ങളോട് ഐസലേഷനില്‍ കഴിയാന്‍ ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഇവരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ അന്വേഷണം നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ആദ്യ രണ്ട് ടെസ്റ്റ് നഷ്ടമായ രോഹിത് ശര്‍മ്മ മൂന്നാംടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുമെന്നുറപ്പാണ്.