ദുബൈ: യുഎഇ കെഎംസിസിയുടെയും ഈമാന്‍ കള്‍ചറല്‍ സെന്ററിന്റെയും ബോറ കമ്യൂണിറ്റിയുടെയും സഹകരണത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബൈ മിലേനിയം ഹോട്ടലില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പുതുമയുള്ള അനുഭവമായി. പ്രവാസ ലോകത്തെ വിവിധ കൂട്ടായ്മകളുടെ ഏകോപനത്തില്‍ ഇതാദ്യമായാണ് കോണ്‍സുലേറ്റ് ഇഫ്താര്‍ ഒരുക്കുന്നത്.
ഏറെ വൈവിധ്യമുള്ള ഈ സംഗമം പുതിയൊരു സാംസ്‌കാരിക അനുഭവമായെന്ന് വിരുന്നില്‍ പങ്കെടുത്ത കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ അഭിപ്രായപ്പെട്ടു. കെഎംസിസിയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച സിജിഐ പ്രവാസി സംഘടനകള്‍ ഇന്ത്യയുടെ അഭിമാനമാണെന്നും അവര്‍ ഇന്ത്യയുടെ അംബാസഡര്‍മാരാണെന്നും ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
ഇഫ്താര്‍ വിരുന്നില്‍ വിവിധ തുറകളിലെ പ്രവാസി പ്രമുഖര്‍ സംബന്ധിച്ചു. പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ധാരാളം സംഘടനാ നേതാക്കളും സംഗമത്തില്‍ പങ്കെടുത്തു. കോണ്‍സുലേറ്റിന് കെഎംസിസി നല്‍കിയ പിന്തുണക്കും സഹകരണത്തിനും കൃതജ്ഞത രേഖപ്പെടുത്തിയുള്ള പ്രത്യേക പുരസ്‌കാരം കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനില്‍ നിന്ന് കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, അന്‍വര്‍ നഹ, നിസാര്‍ തളങ്കര, അന്‍വര്‍ അമീന്‍, അസീല്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഏറ്റുവാങ്ങി.